ഇറാനിൽ വീണ്ടും ആക്രമണം; ടെഹറാനിൽ സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകൾ

Published : Jun 13, 2025, 10:19 PM ISTUpdated : Jun 13, 2025, 10:21 PM IST
iran attack

Synopsis

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജെറുസലേംമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്. 

ടെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണമെന്ന് റിപ്പോർട്ട്. ടെഹറാനിൽ സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. അതിനിടെ, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.

നേരത്തെ, ഡ്രോണ്‍ ആക്രമണം ഇറാൻ തുടങ്ങിയിരുന്നു. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. അതേസമയം, ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി രം​ഗത്തെത്തി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വിമർശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുർക്കി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇസ്രയേൽ - ഇറാൻ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങവെ തുർക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ന് പുലർച്ചെയാണ് ഇറാനെതിരെ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയത്. ഇറാൻ വിപ്ലവസേനയുടെ തലവൻ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തി. ഇറാൻ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം എന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കിയിരുന്നു. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയിൽ ഇസ്രയേലി നഗരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുയാണ്.

സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു. ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദേശം. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുകയും പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഈ അറിയിപ്പിൽ എംബസി വിശദീകരിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ