അമേരിക്ക പോളിം​ഗ്ബൂത്തിലേക്ക്; മേൽക്കൈ നേടുക റിപബ്ലിക്കുകളോ ഡെമോക്രാറ്റുകളോ, ഇടക്കാലതെരഞ്ഞെടുപ്പ് നിർണായകം

By Web TeamFirst Published Nov 8, 2022, 9:04 AM IST
Highlights

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് മത്സരം. ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്നില്‍ കൂടുതലാണിത്. 

വാഷിം​ഗ്ടൺ: അമേരിക്കയിൽ ഇന്ന് തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന ഗവർണർ, പ്രാദേശിക സർക്കാർ സ്ഥാനങ്ങളിലേക്കാണ് ഇന്ന് നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടി വിജയ പ്രതീക്ഷയിലാണ്.  

ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് മത്സരം. ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്നില്‍ കൂടുതലാണിത്. 39 സംസ്ഥാനങ്ങള്‍, ഗവര്‍ണര്‍ സ്ഥാനങ്ങള്‍, സമാന മത്സരങ്ങള്‍ എന്നിവയുള്‍പ്പടെ നിരവധി പ്രാദേശിക തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം ഉണ്ടാകും. റിപ്ലബ്ലിക്കൻ പാർട്ടി വിജയിച്ചാൽ അത് രാജ്യത്തെ ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. റിപബ്ലിക്കൻ പാർട്ടിക്ക് ഇടക്കാല തെരഞ്ഞെടുപ്പിൽ മേൽക്കൈ ഉണ്ടാവുമെന്നാണ് പ്രവചനം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിൽ 25 സീറ്റുകളിൽ അവർ വിജയിച്ചേക്കും. സെനറ്റിലും ആധിപത്യം നേടാൻ റിപബ്ലിക്കുകൾക്കായേക്കുമെന്നാണ് സൂചന. 
 
ഇടക്കാലതെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണത്തോടുള്ള പ്രതിഫലനമായി മാറുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ ഇതുവരെ കോണ്‍ഗ്രസിന്റെയും വൈറ്റ് ഹൗസിന്റെയും സമ്പൂര്‍ണ നിയന്ത്രണം ആസ്വദിച്ചിരുന്ന ഡെമോക്രാറ്റുകള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പു വലിയ വെല്ലുവിളിയാണ്.  ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നീ മൂന്ന് മുന്‍ പ്രസിഡന്റുമാരുടെ  കാലത്തും ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസ് നിയന്ത്രിക്കാത്ത പാര്‍ട്ടിയിലേക്ക് സഭ മറിഞ്ഞു എന്നതാണ് വസ്തുത. വിലക്കയറ്റത്തിനും കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരുന്നതിനും ജോ ബൈഡന്റെ ഭരണത്തെയാണ് റിപബ്ലിക്കുകൾ കുറ്റപ്പെടുത്തുന്നത്. 

Read Also: കാലിൽ നിന്ന് 3 വെടിയുണ്ടകൾ പുറത്തെടുത്തു; 2 മാസങ്ങൾക്ക് മുമ്പ് വധ​ഗൂഢാലോചന തയ്യാറാക്കി; ഇമ്രാൻ ഖാന്‍

click me!