ഗുജ്‌റൻവാലയിൽ രാഷ്ട്രീയ റാലിക്കിടെയാണ് ഇമ്രാൻ ഖാൻ ആക്രമണത്തിനിരയായത്. വെടിവെയ്പിൽ ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. 


ഇസ്ലാമബാദ്: തന്റെ വലതുകാലിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ പുറത്തെടുത്തെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഗുജ്‌റൻവാലയിൽ രാഷ്ട്രീയ റാലിക്കിടെയാണ് ഇമ്രാൻ ഖാൻ ആക്രമണത്തിനിരയായത്. വെടിവെയ്പിൽ ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് സിഎൻഎൻ-ലെ ബെക്കി ആൻഡേഴ്സണുമായുള്ള പ്രത്യേക അഭിമുഖത്തിനിടെയാണ് ഇമ്രാൻ ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. "അവർ എന്റെ വലതു കാലിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ പുറത്തെടുത്തു. " ഇമ്രാൻ ഖാനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 

മൂന്നരവർഷം താൻ അധികാരത്തിലുണ്ടായിരുന്നു എന്നും വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുമായി തനിക്ക് ബന്ധമുണ്ടെന്നും ഇമ്രാൻ വ്യക്തമാക്കി. തനിക്കെതിരായ കൊലപാതക ഗൂഢാലോചനയും രണ്ട് മാസം മുമ്പ് തയ്യാറാക്കിയതാണെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. "എന്നെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ മുതലാണ് എല്ലാം ആരംഭിച്ചത്. അന്നുമുതൽ എന്റെ പാർട്ടി തകരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ പകരം സംഭവിച്ചത് വലിയ ജനപ്രതിഷേധം ഉണ്ടാകുകയും എന്റെ പാർട്ടിക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാന്റെ സിഎൻഎൻ-ന് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് എആർവൈ ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാന്‍ ഖാന്‍റെ തെഹ്‍രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലാഹോറില്‍ നിന്ന് 'ഹഖിഖി ആസാദി' മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന്‍റെ തുടക്കം മുതല്‍ പ്രശ്നങ്ങളായിരുന്നു. കഴിഞ്ഞ 30 -ാം തിയതി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും അഭിമുഖം നടത്തുന്നതിനിടെ ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയിം താഴെ വീണ് വാഹനത്തിന് അടിയില്‍പ്പട്ട് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലോംഗ് മാര്‍ച്ച് ഒരു ദിവസം നിര്‍ത്തി വച്ച ശേഷം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഇതില്‍ ഒരാളെ കീഴ്പ്പെടുത്തിയപ്പോള്‍ മറ്റേയാള്‍ ആളുകള്‍ക്കൂട്ടത്തില്‍ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.