മിസൈലുകൾ പതിക്കുന്നതിന് മുമ്പ് ചിലർ അലറി വിളിക്കുന്നതടക്കം ദൃശ്യങ്ങളിൽ കേൾക്കാം. സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.

ബാഗ്‍ദാദ്: ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകൾ ഇറാഖിന്‍റെ രണ്ട് വിമാനത്താവളങ്ങളിൽ വന്ന് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കൻ സഖ്യസേനയുടെ സൈനികർ ഉണ്ടായിരുന്ന വിമാനത്താവളങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. മൊബൈലിൽ പകർത്തിയതെന്ന് കരുതപ്പെടുന്ന ഒരു ദൃശ്യത്തിൽ വെളിച്ചത്തിന്‍റെ വലിയൊരു പൊട്ട് വന്ന് ഭൂമിയിൽ പതിക്കുന്നതും, പെട്ടെന്ന് ഒരു അഗ്നിഗോളം രൂപപ്പെടുന്നതും കാണാം.

Scroll to load tweet…

ദൂരെ നിന്ന് മിസൈൽ വരുന്നത് കണ്ട് ചിലർ അലറി വിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാനുണ്ട്. മിസൈൽ വന്ന് പതിക്കുന്നതിന് മുമ്പ് ആളുകൾ ഓടിയൊളിക്കാൻ ശ്രമിക്കുകയാണ്. ആകാശം അപ്പോഴും അൽപസമയം തീഗോളം കൊണ്ടുള്ള വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നതും കാണാം,

Scroll to load tweet…

ഇറാനിലെ ശക്തരായ സൈനികനേതാക്കളിൽ ഒരാളായ കാസിം സൊലേമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായുള്ള ആദ്യ നടപടി മാത്രമാണിതെന്നാണ് ടെഹ്‍റാന്‍റെ മറുപടി. വാഷിംഗ്ടണും ആക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തിൽ 80 അമേരിക്കൻ 'തീവ്രവാദികളെ' വധിച്ചു എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. എന്നാൽ അമേരിക്ക ഇത് നിഷേധിക്കുന്നു. പെന്‍റഗണിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ''എന്താണ് ആക്രമണം ഉണ്ടാക്കിയ പ്രത്യാഘാതം എന്നതിനെക്കുറിച്ച് പഠിച്ച് വരുന്നതേയുള്ളൂ'' എന്നാണ്. ഇറാൻ ഒരു ഡസൻ ബാലിസ്റ്റിക് മിസൈലുകളാണ്, അമേരിക്കൻ സൈന്യത്തിനും സഖ്യസേനയ്ക്കുമെതിരെ പ്രയോഗിച്ചതെന്ന കാര്യം പക്ഷേ പെന്‍റഗൺ വാർത്താക്കുറിപ്പിലും സ്ഥിരീകരിച്ചിട്ടുണ്ട്.

''ഇറാനിൽ നിന്ന് തന്നെയാണ് ഈ മിസൈലുകൾ തൊടുത്തത് എന്നത് വ്യക്തമാണ്. രണ്ട് ഇറാഖി മിലിട്ടറി വ്യോമത്താവളങ്ങളായിരുന്നു ലക്ഷ്യമെന്നതും വ്യക്തം. അൽ - അസദ്, ഇർബിൽ എന്നീ വിമാനത്താവളങ്ങളിലായിരുന്നു ആക്രമണം'', പെന്‍റഗൺ വാർത്താക്കുറിപ്പിൽ പറയുന്നു.

Scroll to load tweet…

സൈനികർ കൊല്ലപ്പെട്ടതായി വിവരമില്ല എന്ന് തന്നെയാണ് പെന്‍റഗണിന്‍റെ വിശദീകരണം. എന്നാൽ, യുദ്ധത്തിന് തയ്യാറാണെന്ന് ആവർത്തിച്ച് അമേരിക്ക പറയുകയും ചെയ്യുന്നു. പ്രകോപനം തുടർച്ചയായി തുടരുന്നു.

''എന്താണ് സ്ഥിതിഗതികൾ എന്ന് വിലയിരുത്തി വരികയാണ്. അമേരിക്കൻ സൈനികോദ്യോഗസ്ഥരെയും, പങ്കാളികളെയും സഖ്യസേനയിലെ ഉദ്യോഗസ്ഥരെയും മേഖലയിലെ സഖ്യകക്ഷികളെയും എല്ലാം സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകും. ഇപ്പോൾ ആക്രമണം നടന്ന മേഖലയിൽ ആക്രമണം ഉണ്ടാകുമെന്ന് ഞ‌ങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്'', എന്നും പെന്‍റഗൺ പ്രസ് സെക്രട്ടറി അലിസ ഫറാ വ്യക്തമാക്കുന്നു.