മൊജ്തബ ഖമനെയിയെക്കുറിച്ച് വെളിപ്പെടുത്തൽ, ഇറാൻ്റെ പരമോന്നത നേതാവിനെ പുറത്തെടുത്തത് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന്: റിപ്പോർട്ട്

Published : Sep 27, 2026, 02:08 PM IST
Mojtaba Khamenei

Synopsis

മൊജ്തബ ഖമനെയിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗമായ മൊഹ്‌സെൻ ഹൈദരി. ന്യൂയോർക്ക് പോസ്റ്റിന്റേതാണ് റിപ്പോർട്ട്. തകർന്ന ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഖമനെയിയെ പുറത്തെടുത്തതെന്ന് റിപ്പോർട്ട്.

ന്യൂയോർക്ക്: അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തകർന്ന ഇറാനിലെ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയെ പുറത്തെടുത്തതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട്. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗമായ മൊഹ്‌സെൻ ഹൈദരി ആണ് വെളിപ്പെടുത്തൽ നടത്തിയതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഖത്തർ ടെലിവിഷൻ ശൃംഖലയായ അൽ അറബിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

നേരത്തെ നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മൊജ്തബ ഖമനെയി എന്നാണ് മൊഹ്‌സെൻ ഹൈദരിയുടെ വെളിപ്പെടുത്തൽ. ഇതിനിടെ ടെഹ്രാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ബോംബാക്രമണം ഉണ്ടായി. മൂന്നാമത്തെ ആശുപത്രിയിലായിരുന്നു മൊജ്തബ ഖമനെയി ഉണ്ടായിരുന്നത്. അവിടെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തെ പുറത്തെടുത്തതെന്നാണ് മൊഹ്‌സെൻ ഹൈദരിയുടെ വാക്കുകൾ. ഇതിന് ശേഷം ഖമനെയിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പിന്നീട് അദ്ദേഹത്തെ ആരും പൊതുവേദിയിൽ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനെയിയെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ഹൈദരി അഭിമുഖത്തിൽ സംസാരിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ വാർത്ത വരുന്നത് വരെ തന്നെ തെരഞ്ഞെടുത്ത കാര്യം മൊജ്തബ ഖമനെയിക്ക് അറിയില്ലായിരുന്നുവെന്നാണ് ഹൈദരി പറയുന്നത്. ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ചുമതലയുള്ള അസംബ്ലി ഓഫ് എക്സ്പെർട്സിനും ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിന് ശേഷം അസംബ്ലി അംഗങ്ങൾ ഒരു രഹസ്യ മുറിയിൽ വെച്ച് കടലാസിലാണ് തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയത്. മൊജ്തബ ഖമനെയിയുടെ പേര് ആദ്യം നിർദേശിച്ചത് താനാണെന്നും ഹൈദരി അവകാശപ്പെട്ടു.

“ശത്രുക്കളുടെ നിലപാട് പരിഗണിക്കുമ്പോൾ, ആയത്തുള്ള മൊജ്തബ ഖമനെയിയെ അല്ലാതെ മറ്റൊരാളെയും ഇറാൻ്റെ നേതാവായി ഞങ്ങൾ തിരഞ്ഞെടുക്കില്ല. മൊജ്തബ ഖമേനി പൂർണ ആരോഗ്യവാനാണെന്നും രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. രാജ്യത്തെ നയിക്കാനുള്ള മതപരമായ യോഗ്യതയും നീതിബോധവും കഴിവും അദ്ദേഹത്തിനുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തി"- മൊഹ്‌സെൻ ഹൈദരി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത 59 പേരിൽ 50 പേരും മൊജ്തബ ഖമനെയിക്കാണ് വോട്ട് ചെയ്തതെന്നും എട്ട് പേർ ആയത്തുള്ള അലിറേസ അറാഫിക്കും വോട്ട് ചെയ്തുവെന്നും ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതായും റിപ്പോർട്ടിലുണ്ട്.

ഇറാന് നേരെ നടന്ന ശക്തമായ ആക്രമണങ്ങൾക്ക് ശേഷം മൊജ്തബ ഖമനെയിയുടെ ആരോഗ്യനിലയെക്കുറിച്ച് വലിയ അഭ്യൂഹങ്ങൾ പരന്നിരുന്നു. ആക്രമണത്തിൽ മൊജ്തബ ഖമനെയിയുടെ മുഖം വികൃതമായതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൊജ്തബ ഖമനെയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാം​ഗത്വം: ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യ, പ്രഖ്യാപനം യുഎൻ പൊതുസഭയിൽ; പോർച്ചു​ഗലും മൗറീഷ്യസും ഇന്ത്യയ്ക്കൊപ്പം
പാകിസ്ഥാൻ സ്ഥിരം ഭീകരവാദികൾ, തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്; യുഎന്നിൽ ആഞ്ഞടിച്ച് എസ് ജയശങ്കർ