
സിയോള്‍: യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കു വേണ്ടി പോരാടി കൊല്ലപ്പെട്ടത് 2300 ഉത്തര കൊറിയന്‍ സൈനികരെന്ന് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധ സ്മാരകത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഔദ്യോഗിക ഫോട്ടോകളും വിശകലനം ചെയ്ത് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പടിഞ്ഞാറന്‍ റഷ്യയില്‍ 2024 ഓഗസ്റ്റില്‍ കുര്‍സ്‌ക് യുക്രെയ്ന്‍ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണ് റഷ്യയെ സഹായിക്കാന്‍ ഉത്തര കൊറിയ സൈനികരെ അയച്ചു തുടങ്ങിയതെന്നാണ് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 11,000 സൈനികരെ ഉത്തരകൊറിയ റഷ്യയെ സഹായിക്കാന്‍ അയച്ചതായാണ് കണക്കാക്കുന്നത്. ഇതിനു പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് പണവും സാങ്കേതിക സഹായവും ഭക്ഷണവും നല്‍കിയതായാണ് വിശ്വസിക്കപ്പെടുന്നത്.
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നേരത്തെ യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച സ്വന്തം സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ ഉത്തരകൊറിയ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകളും പുറത്തുവിട്ടിട്ടില്ല.
അതിനിടയിലാണ്, പ്യോങ്യാങ്ങിലെ പുതിയ യുദ്ധ സ്മാരകത്തിന്റെ ഫോട്ടോകള്‍ വിശകലനം ചെയ്ത് ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെ ആദരിക്കുന്നതിന് പ്യോങ്യാങ്ങിലെ ഹ്വാസോങ് ജില്ലയില്‍ യുദ്ധസ്മാരകമായി മ്യൂസിയം നിര്‍മ്മിക്കാന്‍ 2025 ഒക്ടോബറിലാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടത്. ഇവിടെയുള്ള വനപ്രദേശത്ത് അതേ മാസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അമേരിക്കന്‍ ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സ് നല്‍കിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് ബിബിസി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 52,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സമുച്ചയത്തിന്റെ പ്രാഥമിക രൂപം പുറത്തുകണ്ടു. ഈ വര്‍ഷം മാര്‍ച്ചോടെ ഭൂരിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഏപ്രില്‍ 26-ന് സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു. മരിച്ച സൈനികരുടെ പേരുകള്‍ കൊത്തിവെച്ച 30 മീറ്റര്‍ നീളമുള്ള രണ്ട് മതിലുകള്‍, ഒരു കെട്ടിടം, ഒരു സെമിത്തേരി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സ്മാരകം. കുര്‍സ്‌ക് പ്രദേശം സ്വതന്ത്രമാക്കാന്‍ ഉത്തര കൊറിയന്‍ സൈനികര്‍ കാട്ടിയ അതുല്യമായ ധീരത വ്യക്തമാക്കുന്നതാണ് സ്മാരകം എന്നാണ് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെസിഎന്‍എ പുറത്തുവിട്ട ചിത്രങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, ഓരോ മതിലും 14 ഭാഗങ്ങളായി തിരിച്ചതായി കണ്ടെത്തി. ഇതില്‍ ഒമ്പത് ഭാഗങ്ങളിലായി പേരുകള്‍ കൊത്തിവെച്ചിട്ടുണ്ട്. ഓരോ ഭാഗത്തിലും ഏകദേശം 16 കോളങ്ങള്‍ വീതമുണ്ട്. കിഴക്കേ മതിലിന്റെ ക്ലോസപ്പ് ചിത്രങ്ങളില്‍ ഒരു കോളത്തില്‍ കൊല്ലപ്പെട്ട എട്ട് സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്തത് കാണാം. 16 കോളങ്ങളും ഒമ്പത് ഭാഗങ്ങളും കണക്കിലെടുക്കുമ്പോള്‍, ഓരോ മതിലിലും 1,152 പേരുകള്‍ വീതം കൊത്തിവെച്ചിട്ടുണ്ടാകും. ഇത് രണ്ട് സ്മാരക മതിലുകളിലുമായി ആകെ 2,304 എന്ന സംഖ്യയിലേക്ക് എത്തുന്നതായി ബിബിസി വ്യക്തമാക്കി.
ബിബിസി മുന്നോട്ടുവെച്ച ഈ ഏകദേശ കണക്ക് ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ കണക്കുകളോട് അടുത്താണ്. 2025 സെപ്റ്റംബറില്‍, 2,000 ഉത്തര കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 2,700 പേര്‍ക്ക് പരിക്കേറ്റതായും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയോടെ അവര്‍ ഈ കണക്കുകള്‍ പുതുക്കി. റഷ്യയിലേക്ക് അയച്ച 11,000 സൈനികരില്‍ 6,000 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഏജന്‍സി അറിയിച്ചു ഉത്തരകൊറിയയോ റഷ്യയോ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല.
എസ്.ഐ അനലിറ്റിക്‌സ് തയ്യാറാക്കിയ സാറ്റലൈറ്റ് ചിത്രം അനുസരിച്ച്, ശ്മശാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 140 കല്ലറകളും എതിര്‍വശത്ത് 138 കല്ലറകളും സ്ഥിതി ചെയ്യുന്നുണ്ട്. സെമിത്തേരിയുടെ മധ്യഭാഗത്തായി ചാരനിറത്തിലുള്ള ഒരു കെട്ടിടം കാണാം. ഇത് മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ചിതാഭസ്മ മന്ദിരം ആകാനാണ് സാധ്യതയെന്ന് കരുതുന്നു.
രണ്ട് രീതിയിലാണ് ഇവിടത്തെ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തത്. പുറത്ത് കുറച്ച് കല്ലറകള്‍, അകത്ത് കൊളംബേറിയത്തിനകത്ത് ചിതാഭസ്മം സൂക്ഷിച്ച പാത്രങ്ങള്‍. അസാധാരണ ധീരത പ്രകടിപ്പിച്ച സൈനികരെ പുറത്തെ ശവകുടീരങ്ങളില്‍ അടക്കം ചെയ്യുകയും മറ്റുള്ളവരുടെ ചിതാഭസ്മങ്ങള്‍ സൂക്ഷിക്കുകയും ചെയ്തതായാണ് കണക്കാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam