ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു; മരണം അഞ്ച് ലക്ഷം കടന്നു, ആശങ്കയേറുന്നു

By Web TeamFirst Published Jun 28, 2020, 6:51 AM IST
Highlights

24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവും അധികം പേർക്ക് രോഗബാധയുണ്ടായത്. യുഎസിൽ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. 

ദില്ലി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. മരണം അഞ്ചുലക്ഷത്തിലേറെയായി. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. ലോകത്താകെ ആശങ്കയേറ്റി കൊവിഡ് പടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകൾ തെറ്റിച്ച് മുന്നേറുകയാണ് കൊവിഡ് ബാധിതർ. രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡിട്ട കഴിഞ്ഞ രണ്ടുദിവസത്തെ സ്ഥിതി ലോകമെങ്ങും തുടരുകയാണ്. 24 മണിക്കൂറിനിടെ, രോഗബാധിതരായത് ഒന്നര ലക്ഷത്തിലേറെ പേരാണ്.

അമേരിക്കയിലും, ബ്രസിലീലും റഷ്യയിലും ഇന്ത്യയിലും ലോകബാധിരുടെ എണ്ണം ഏറുകയാണ്.  24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവും അധികം പേർക്ക് രോഗബാധയുണ്ടായത്. യുഎസിൽ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ബ്രസീലിൽ 13 ലക്ഷത്തിലേറെയായി രോഗബാധിതർ. റഷ്യയിൽ ആറേകാൽ ലക്ഷം പിന്നിട്ടു. ഇന്ത്യയിൽ 5 ലക്ഷവും. ലോകത്താകെ 4,461 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 5 ലക്ഷം കവിഞ്ഞു. 

അമേരിക്കയിൽ ഒന്നേകാൽ ലക്ഷത്തിലേറെ പേരും ബ്രസീലിൽ അര ലക്ഷത്തിലേറെ പേരും ഇതിനോടകം മരിച്ചു. അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കൊവിഡിൽ നിന്ന് രോഗമുക്തരായത്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31 ന് റിപ്പോർട്ട് ചെയ്ത രോഗം 6 മാസം കൊണ്ടാണ് ഒരു കോടി പിന്നിടുന്നത്.

click me!