
കുട്ടിയെ ഒരു മണിക്കൂര്‍ ലേറ്റായി വീട്ടിലെത്തി സ്കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച അമ്മ അറസ്റ്റില്‍. അമേരിക്കയിലെ നെവാഡയിലാണ് സംഭവം. എലിസബത്ത് ടാനര്‍ എന്ന 37കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിന്‍സെന്‍റ് ലിനന്‍ എന്നയാളെയാണ് ഇവര്‍ സ്കൂള്‍ ബസിനുള്ളില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചത്. ഓഗസ്റ്റ് 17നാണ് അക്രമം നടന്നത്.
സ്കൂള്‍ ബസിനുള്ളില്‍ കുട്ടികള്‍ ബഹളമുണ്ടാക്കിയതിനാല്‍ അവരെ നിയന്ത്രിക്കാനായി നിരവധി തവണ ബസ് ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നതായിരുന്നു സ്കൂള്‍ ബസ് താമസിക്കാനുണ്ടായ കാരണം. ബസിനുള്ളിലെ ക്യാമറയിലും മറ്റും ടേപ്പ് ഒട്ടിക്കുകയും എമര്‍ജെന്‍സി വാതില്‍ തുറക്കാനും കുട്ടികള്‍ ശ്രമിച്ചതിനേ തുടര്‍ന്നായിരുന്നു സ്കൂള്‍ ബസ് ഇടയ്ക്ക് നിര്‍ത്തിയിട്ട് കുട്ടികളെ നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായത്.
എലിസബത്തിന്‍റെ കുഞ്ഞിനെ വീടിന് മുന്‍പില്‍ ഇറക്കുമ്പോള്‍ ബസിലേക്ക് കടന്നുകയറിയ യുവതി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുട്ടികളെ കാത്ത് നിന്ന മറ്റ് രക്ഷിതാക്കളുടെ മുന്‍പിലിട്ടായിരുന്നു മര്‍ദ്ദനം. ഡ്രൈവറുടെ മുഖത്ത് ആഞ്ഞിടിച്ചായിരുന്നു എലിസബത്ത് കലിപ്പ് തീര്‍ത്തത്. മുതല്‍ നശിപ്പിച്ചത്, കുട്ടികളെ ദുരുപയോഗിച്ചത്, ഉപേക്ഷ, ആക്രമണം, സ്കൂളില്‍ എത്തുന്നതില്‍ നിന്നും കുട്ടിയെ തടയല്‍, വാഹനത്തിനല്‍ നിന്ന് മോഷണശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എലിസബത്തിനെ അറസ്റ്റ് ചെയ്തത്.
എലിസബത്തിനൊപ്പം മറ്റ് രണ്ട് പേരും സ്കൂള്‍ ബസ് ഡ്രൈവറെ കൈകാര്യം ചെയ്തിരുന്നതായാണ് പരാതി. കുട്ടികള്‍ക്ക് വേണ്ടി ഏറെ നേരം കാത്ത് നില്‍ക്കേണ്ടി വന്നതോടെയാണ് രക്ഷിതാക്കള്‍ ക്ഷുഭിതരായത്. ഡ്രൈവറെ ആക്രമിക്കുന്ന എലിസബത്തിനെ സ്കൂള്‍ അധികൃതര്‍ ബസിനുള്ളിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞതിനേ തുടര്‍ന്നാണ് അറസ്റ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam