
ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ അന്ത്യക്രിയകളിൽ പങ്കെടുത്ത നിഗൂഢത നിറഞ്ഞ മാസ്ക് ധരിച്ച വ്യക്തിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഒടുവിൽ വിരാമമാകുന്നു. അന്ത്യകർമ്മ ചടങ്ങുകളുടെ മുൻനിരയിൽ കറുത്ത മാസ്കും തൊപ്പിയും ധരിച്ച് പ്രത്യക്ഷപ്പെട്ട ആ മനുഷ്യൻ അലി ഖമേനിയുടെ മൂത്ത പേരക്കുട്ടിയായ മുഹമ്മദ് ജവാദ് ഖമേനിയാണെന്ന് ഇറാന്‍റെ മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മാസങ്ങൾക്ക് മുമ്പ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ നടന്ന ചടങ്ങുകളിലാണ് കനത്ത സുരക്ഷയിൽ ഈ നിഗൂഢ വ്യക്തി പ്രത്യക്ഷപ്പെട്ടത്. ഈ വ്യക്തി ഖമേനിയുടെ മകനും അടുത്ത പിൻഗാമിയുമായി കണക്കാക്കപ്പെടുന്ന മൊജ്തബ ഖമേനിയാണെന്ന തരത്തിൽ വലിയ തോതിലുള്ള അഭ്യൂഹങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പരന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. അലി ഖമേനിയുടെ മൂത്ത മകൻ മൊസ്തഫ ഖമേനിയുടെ മകനാണ് മുഹമ്മദ് ജവാദ് ഖമേനി. ഫെബ്രുവരി 28-ന് അലി ഖമേനിയുടെ മരണത്തിനിടയാക്കിയ അതേ വ്യോമാക്രമണത്തിൽ മുഹമ്മദ് ജവാദിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ആക്രമണത്തിൽ മുഖത്ത് കനത്ത പൊള്ളലേറ്റതും മറ്റ് പരിക്കുകളുമാണ് അന്ത്യക്രിയകളിൽ പങ്കെടുക്കുമ്പോൾ കറുത്ത മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് മാസങ്ങളായി തുടർന്ന വൻ നിഗൂഢതയ്ക്ക് അവസാനമായത്. അതേസമയം, ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും ചർച്ചകളും ഇപ്പോഴും തുടരുകയാണ്. അന്നത്തെ ആക്രമണത്തിൽ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആക്രമണം നടക്കുമ്പോൾ അലി ഖമേനിയുടെ അതേ വസതിയിലുണ്ടായിരുന്ന മൊജ്തബ മറ്റൊരു മുറിയിലായിരുന്നതിനാലാണ് ജീവനോടെ രക്ഷപ്പെട്ടത്. പരിക്കേറ്റ അദ്ദേഹം നിലവിൽ പൊതുവേദികളിലോ പ്രസംഗങ്ങളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. പകരം കൈപ്പടയിൽ എഴുതിയ സന്ദേശങ്ങൾ വഴിയാണ് സൈനിക മേധാവികളുമായും മുതിർന്ന പുരോഹിതന്മാരുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നത്. അമേരിക്കയുമായും ഇസ്രായേലുമായുള്ള കടുത്ത സംഘർഷം നിലനിൽക്കുന്നതിനാൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അലി ഖമേനിയുടെ മൃതദേഹം, ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച ജന്മനാടായ മഷാദിലെ ഇമാം റെസ മസ്ജിദിൽ സംസ്കരിച്ചത്. കോടിക്കണക്കിന് ആളുകളാണ് ചടങ്ങുകളിൽ പങ്കെടുത്തതെന്നാണ് ഔദ്യോഗിക വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam