
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി നേപ്പാൾ. 2024ലെ പർവ്വതാരോഹക സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിബന്ധന പുറത്തിറക്കിയിട്ടുള്ളത്. ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കാനാണ് നിബന്ധന ആവശ്യപ്പെടുന്നത്. ചില സ്വകാര്യ കമ്പനികൾ മുഖേന എത്തുന്ന പർവ്വതാരോഹകർ നിലവിൽ ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇനിമുതൽ എല്ലാ പർവ്വതാരോഹകർക്കും ഈ നിബന്ധന ബാധകമാണെന്നാണ് നേപ്പാൾ വിനോദ സഞ്ചാര ഡയറക്ടർ രാകേഷ് ഗുരുങ് വിശദമാക്കിയത്.
പർവ്വതാരോഹകർക്ക് അപകടമുണ്ടാവുകയോ വഴി തെറ്റുകയോ ചെയ്താൽ ഇത്തരം ചിപ്പുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം സുഗമമാക്കാനാണ് പുതിയ നിബന്ധന. ചിപ്പുകൾ വാടകയ്ക്ക് ലഭ്യമാകും. 10-15 ഡോളറിന് ചിപ്പ് ലഭ്യമാകും ഇത് ജാക്കറ്റിനോട് ചേർത്ത് തുന്നിച്ചേർക്കും. സഞ്ചാരി തിരികെ എത്തുമ്പോൾ ചിപ്പ് തിരികെ സർക്കാരിന് നൽകും. ജിപിഎസ് ഉപയോഗിച്ചാവും ചിപ്പിന്റെ പ്രവർത്തനം. യൂറോപ്യൻ രാജ്യത്ത് നിർമ്മിതമായ ചിപ്പുകളാണ് പർവ്വതാരോഹകർക്കായി ലഭ്യമാക്കിയിരിക്കുന്നതെന്നും രാകേഷ് ഗുരുങ് വ്യക്തമാക്കി.
എവറസ്റ്റ് കീഴടക്കാനെത്തുന്ന ഭൂരിഭാഗം ആളുകളും നേപ്പാളിലൂടെയാണ് പർവ്വതാരോഹണം നടത്തുന്നത്. പെർമിറ്റ് നേടാനായി 11000 ഡോളറാണ് ഫീസായി നൽകേണ്ടത്. ഭക്ഷണം, ഓക്സിജൻ, ഗൈഡുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കായി 35000 ഡോളർ വരെയാണ് ഒരു സഞ്ചാരി ചെലവിടേണ്ടി വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ പത്ത് പർവ്വതങ്ങളിൽ എട്ടെണ്ണവും നേപ്പാളിലാണുള്ളത്. പർവ്വതാരോഹണം വിനോദസഞ്ചാരമാക്കി വൻ സാമ്പത്തിക നേട്ടമാണ് നേപ്പാളുണ്ടാക്കുന്നത്. എവറസ്റ്റ് കയറണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ട് മാസമാണ് വേണ്ടി വരുന്നത്. ഉച്ച സമയത്തോട് അടുത്തുള്ള ചെറിയ സമയത്ത് മാത്രം പർവ്വതാരോഹണം നടക്കൂ എന്നതിനാലാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam