
കാഠ്മണ്ഡു: പ്രളയദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്നതിനിടെ ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലുമാണ് ഇന്ത്യയുടെ സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചത്.
പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നൽകിയ മാനുഷിക സഹായങ്ങൾക്കും മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനും ഇന്ത്യൻ സർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. ഈ ദുഷ്കരമായ വേളയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിന്നൽപ്രളയം വൻനാശം വിതച്ച നേപ്പാളിലേക്ക് അടിയന്തരസഹായമെത്തിക്കുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. താത്കാലിക ടെന്റുകൾ, കമ്പിളി, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, മരുന്നുകൾ എന്നിവയടക്കം പത്ത് ടൺ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചതായും ഇന്ത്യ നേപ്പാളിനൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്. ഇനി രണ്ട് വിമാനങ്ങൾ കൂടി അയക്കുമെന്നും വ്യോമസേന അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.
നേപ്പാളിലെ ടിബറ്റൻ അതിർത്തിയിൽ ബുധനാഴ്ച രാവിലെയുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ ഇന്ത്യയിൽനിന്നുള്ള 133 തീർഥാടകരുമുണ്ട്. കൈലാസ മാനസരോവർ തീർഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam