നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ്യ 66 ആയി, ബീഹാറിലും യുപിയിലും ജാഗ്രത; ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു, ഇന്ത്യ സഹായമെത്തിക്കും

Published : Aug 26, 2026, 04:46 PM ISTUpdated : Aug 26, 2026, 07:31 PM IST
flood

Synopsis

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 66 പേർ മരിക്കുകയും 105 ഇന്ത്യക്കാർ ഉൾപ്പെടെ 384 പേരെ കാണാതാവുകയും ചെയ്തു. വ്യാപക നാശനഷ്ടമുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുമ്പോൾ, അയൽ സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തർപ്രദേശിലുംജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽ മരണം 66 ആയി ഉയർന്നു. 384 പേരെ കാണാതായെന്നും ഇതിൽ 105 പേർ ഇന്ത്യക്കാരെന്നുമുള്ള വിവരം പുറത്തുവന്നു. കാണാതായവരിൽ 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെട്ടതായാണ് വിവരം. പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ (+977 985 131 6807, +977 970 910 7500) തുറന്നു. 36 അംഗ മലയാളി സംഘവും മിന്നൽ പ്രളയത്തിൽ കുടുങ്ങിയതായും ഇവരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. നിരവധിയായ ഗ്രാമങ്ങൾ, മാർക്കറ്റുകൾ, ജലസേചന പദ്ധതികൾ എന്നിവ പ്രളയജലത്തിൽ ഒഴുകിപ്പോയി. ഗതാഗത ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയിൽ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. നേപ്പാളിൽ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

ബീഹാറിലും യു പിയിലും ജാഗ്രത

നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി അയൽ സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തർപ്രദേശിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങൾ ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നേപ്പാളിൽ ഒട്ടേറെ ​ഗ്രാമങ്ങൾ ഒലിച്ചുപോയെന്നാണ് വിവരം. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പുയരുകയും വെള്ളം ഇരച്ചെത്തുകയുമായിരുന്നു. ഇതോടെ നദിതീരത്തെ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സംഭവത്തിന് പിന്നാലെ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈനിക ഹെലികോപ്റ്ററുകളടക്കം എത്തിയിട്ടുണ്ട്. ഇതിനിടെ താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും സാഹചര്യങ്ങൾ വിലയിരുത്താനും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോ​ഗം വിളിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുത്തിയൊലിച്ച് വെള്ളം, നിറഞ്ഞുപൊങ്ങി ഭോട്ടെ കോശി നദി; നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണമെന്ത്?
ഹോർമുസ് കടലിടുക്കിൽ കപ്പലുകളെ കരിമ്പട്ടികയിൽ പെടുത്തി ഇറാൻ, രണ്ട് ഇന്ത്യൻ ടാങ്കറുകളും കരിമ്പട്ടികയിൽ