മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. ഇതുവരെ 30ലധികം മരണങ്ങൾ ഉണ്ടായി. നൂറുകണക്കിന് ആളുകളെ കാണാനില്ല. ഭോട്ടെ കോശി നദിയുടെ ജലനിരപ്പിൽ അപ്രതീക്ഷിതമായി ഉണ്ടായ വർധനവാണ് മിന്നൽ പ്രളയത്തിന് ഇടയാക്കിയത്.

കാഠ്മണ്ഡു: നദിയിലൂടെ കുത്തിയൊലിച്ചെത്തിയ വെള്ളം നാടിനെയാകെ മുക്കിയതോടെ വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാൾ. ഇതുവരെ 30ലധികം മരണങ്ങൾ, ഇന്ത്യക്കാരടക്കം നൂറുകണക്കിന് ആളുകളെ കാണാനില്ല, നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി, വീടുകളും പാലങ്ങളുമടക്കം തകർന്നുവീണത് സെക്കൻഡുകൾക്കകം. നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിന് കാരണം തേടുകയാണ് കാലാവസ്ഥ വിദഗ്ധർ.

ചൈനീസ് അതിർത്തിയോട് ചേർന്ന, നേപ്പാളിലെ റസുവ ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ഇതുവഴി കടന്നുപോകുന്ന ഭോട്ടെ കോശി നദിയുടെ ജലനിരപ്പിൽ പെട്ടെന്ന് ഉണ്ടായ വർധനവും കുത്തൊഴുക്കുമാണ് മിന്നൽ പ്രളയത്തിനിടയാക്കിയത്. ഭോട്ടെ കോശി നദിയുടെ കൈവഴിയായ ല്ഹെന്ദേ നദിയിലേക്ക് ഉണ്ടായ ഹിമപാതമാകാം അപ്രതീക്ഷിത പ്രളയത്തിന് കാരണമായതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.

ദ കാഠ്മണ്ഡു പോസ്റ്റിൻ്റെ റിപ്പോർട്ട് പ്രകാരം, കാഠ്മണ്ഡു യൂണിവേഴ്സിറ്റി പ്രൊഫസറും കാലാവസ്ഥ ഗവേഷകനുമായ റിജാൻ ഭക്ത കായസ്ഥ, നേപ്പാൾ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിച്ചേർന്നത്. നേപ്പാൾ ഭാഗത്തുനിന്ന് നദിയിലേക്ക് ഉണ്ടായ മഞ്ഞിടിച്ചിലിനെ തുടർന്ന് നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ഇതുമൂലം വെള്ളം കെട്ടിക്കിടന്ന് പെട്ടെന്ന് താഴേക്ക് കുതിച്ചൊഴുകിയതാകാം എന്നുമാണ് കരുതുന്നത്. എന്നാൽ നേപ്പാൾ ഭാഗത്തുനിന്ന് ഭാഗത്തുനിന്ന് ഉണ്ടായ മഞ്ഞിടിച്ചിൽ ല്ഹെന്ദേ നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയോ എന്ന കാര്യത്തിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി ദ കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇതേ സമയം ടിബറ്റൻ ഭാഗത്ത് ഭൂചലനം ഉണ്ടായതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 8:37ന് ടിബറ്റൻ മേഖലയഇൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായാതായി യുഎസ് ജിയോളജിക്കൽ സർവേ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭൂചലനമാണോ മിന്നൽ പ്രളയത്തിന് കാരണമെന്നതിൽ വ്യക്തതയില്ല.