ഹോർമുസിൽ വീണ്ടും ആക്രമണം, എണ്ണക്കപ്പലിന് തീപിടിച്ചു; അമേരിക്കയുടേത് സാമ്പത്തിക ഭീകരതയെന്ന് ഇറാൻ

Published : Aug 27, 2026, 11:02 AM IST
Strait Of Hormuz Oil Tanker Attack

Synopsis

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം. ഖസബ് തീരത്തോട് ചേർന്ന് കപ്പലിന് തീപിടിച്ചു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ് ഇക്കാര്യം അറിയിച്ചത്. തീയണച്ചുവെന്നും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ.

ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ). ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ചൊവ്വാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ ഉണ്ടായ തീപിടിത്തം അണച്ചതായും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഇതേ പാതയിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണ ഭീഷണിയെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കം ഈ ആഴ്ച വൻതോതിൽ ഇടിഞ്ഞു. മുമ്പ് പ്രതിദിനം 130ലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിൽ, ചൊവ്വാഴ്ച അഞ്ച് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തിയതെന്ന് പ്രമുഖ കപ്പൽ ട്രാക്കിംഗ് സ്ഥാപനമായ കെപ്ലർ അറിയിച്ചു. തിങ്കളാഴ്ച ഏഴ് കപ്പലുകളാണ് കടന്നുപോയത്.

അതിനിടെ, ഹോർമുസിൽ നിന്നുള്ള വരുമാനം പങ്കുവെക്കാനായി ഇറാനും ഒമാനും തമ്മിൽ നിർണായക ധാരണയിലെത്തിയെന്ന് സൂചന. ഐആർജിസി വക്താവിനെ ഉദ്ധരിച്ചു ഇറാനിലെ തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമാനും ഇറാനും ചേർന്ന് തുറക്കുന്ന പാതയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും ഒമാനും സംയുക്തമായി ഒരു താൽക്കാലിക സമുദ്ര ഇടനാഴിക്ക് രൂപം നൽകാനാണ് ധാരണ.

അതേസമയം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന യുഎസ് ഉപരോധങ്ങൾക്കെതിരെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. അമേരിക്കയുടേത് സാമ്പത്തിക ഭീകരത ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ നിയമവിരുദ്ധ ഉപരോധങ്ങളെ അപലപിക്കാൻ ഐക്യരാഷ്ട്രസഭയ്ക്കും അംഗരാജ്യങ്ങൾക്കും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു. ജൂണിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിലെ വ്യവസ്ഥകൾ യുഎസ് പാലിക്കുന്നതുവരെ കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചിട്ടുണ്ട്. നിലവിൽ ഈ സമാധാന കരാറിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി
ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും; സഹായങ്ങളുമായി വ്യോമസേന വിമാനം നേപ്പാളിലെത്തി