
കാഠ്മണ്ഡു: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നേപ്പാളിലെ മുന്‍ രാജാവിന് കൊവിഡ്. ഗ്യാനേന്ദ്ര ഷാ നോവല്‍ കൊറോണ വൈറസ് പോസിറ്റീവായ വിവരം ആരോഗ്യമന്ത്രാലയമാണ് ചൊവ്വാഴ്ച വ്യക്തമാക്കിയത്. ഭാര്യ കോമള്‍ രാജ്യ ലക്ഷ്മി ദേവിയുമൊന്നിച്ച് ഞായറാഴ്ചയാണ് നേപ്പാള്‍ മുന്‍ രാജാവ് ഞായറാഴ്ചയാണ് രാജ്യത്ത് മടങ്ങിയെത്തിയത്. രാജ്യത്ത് തിരികെയെത്തുമ്പോള്‍ ചെയ്യേണ്ട കൊവിഡ് 19 പരിശോധനയിലാണ് ഗ്യാനേന്ദ്ര ഷാ കൊവിഡ് പോസിറ്റീവായെന്ന് വ്യക്തമായത്. കോമള്‍ ഷായും കൊവിഡ് പോസിറ്റീവാണ്.
ഇരുവരും ഹോം ഐസൊലേഷനിലാണുള്ളതെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലെത്തിയവരെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഏപ്രില്‍ 8നാണ് ഗ്യാനേന്ദ്ര ഷായും കോമള്‍ രാജ്യ ലക്ഷ്മി ദേവിയും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഈ സമയം ഇരുവരും കൊവിഡ് നെഗറ്റീവ് ആയിരുന്നു. മഹാകുംഭമേള പ്രത്യേക സമിതിയുടെ ക്ഷണപ്രകാരമാണ് ഇരുവരും കുഭമേളയിലെത്തിയത്. ഏപ്രില്‍ 12നാണ് ഗ്യാനേന്ദ്ര ഷാ കുംഭമേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. ബാബാ രാംദേവിന്‍റെ പതഞ്ജലി യോഗാപീഠത്തിലും ഗ്യാനേന്ദ്ര ഷാ സന്ദര്‍ശനം നടത്തിയിരുന്നു.ദക്ഷിണ കാളി ക്ഷേത്രത്തിലെത്തിയ ഗ്യാനേന്ദ്ര ഷാ മഹാമണ്ഡലേശ്വര്‍ കൈലാശാഷനന്ദ് ഗിരി മഹാരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുംഭ മേള സമയത്തെ ഗ്യാനേന്ദ്ര ഷായുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.
ഏപ്രില്‍ 11ന് ഗ്യാനേന്ദ്ര ഷാ തീര്‍ത്ഥാടകരും സന്ന്യാസിമാരും അടങ്ങുന്ന സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഹിന്ദു സാമ്രാട്ട് എന്നായിരുന്നു ഈ പരിപാടിയില്‍ ഗ്യാനേന്ദ്ര ഷായെ വിശേഷിപ്പിച്ചത്. മാസ്ക് ധരിക്കാതെ ഈ പരിപാടിയില്‍ പങ്കെടുത്തതിന് ഗ്യാനേന്ദ്ര ഷാ വിമര്‍ശനവും നേടിയിരുന്നു. നേപ്പാളില്‍ 2008ല്‍ അവസാനിച്ച ഹിന്ദു രാജഭരണത്തിലെ അവസാന രാജാവായിരുന്നു ഗ്യാനേന്ദ്ര ഷാ. ഇന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി രാജഭരണം അവസാനിച്ച ശേഷവും ഗ്യാനേന്ദ്ര ഷാ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നേപ്പാളില്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കുന്ന സമയത്തെ മുന്‍രാജാവിന്‍റെ ഇന്ത്യാ സന്ദര്‍ശനം വാര്‍ത്തയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam