
മ്യൂണിക്ക്: ഇറാനുമായുള്ള ഏതൊരു നയതന്ത്ര കരാറിലും യുറേനിയം സമ്പുഷ്ടീകരണം തടയുന്നതിലുപരി, അവരുടെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ ജൂത സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ്, കഴിഞ്ഞയാഴ്ച താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ച കർശന നിലപാടുകൾ നെതന്യാഹു വെളിപ്പെടുത്തിയത്. വെറുമൊരു നിരോധനമല്ല, മറിച്ച് ആണവായുധ നിർമ്മാണത്തിന് സഹായിക്കുന്ന ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ പുറത്തെത്തിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ.
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം വട്ട ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെയാണ് നെതന്യാഹുവിന്‍റെ ഈ നീക്കം. ചർച്ചകൾ പരാജയപ്പെട്ടാൽ ഒരു സൈനിക നീക്കത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പലിനെ കൂടി അമേരിക്ക നിയോഗിച്ചിട്ടുണ്ട്. അതേസമയം, ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചന നൽകി ഇറാൻ നയതന്ത്ര പ്രതിനിധികൾ രംഗത്തെത്തി. സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ട് എണ്ണ, വാതക മേഖലകളിലും ഖനനത്തിലും സംയുക്ത നിക്ഷേപങ്ങൾക്ക് തയ്യാറാണെന്നും വിമാനങ്ങൾ വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടെന്നും ഇറാന്റെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഹമീദ് ഖൻബാരി വ്യക്തമാക്കി.
നയതന്ത്ര തലത്തിൽ മഞ്ഞുരുകൽ ദൃശ്യമാകുമ്പോഴും ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ആഗോളതലത്തിൽ ശക്തമാവുകയാണ്. ഇറാന്‍റെ മുൻ രാജകുമാരൻ റെസാ പഹ്‌ലവിയുടെ ആഹ്വാനപ്രകാരം മ്യൂണിക്കിൽ മാത്രം രണ്ടരലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ ഇറാൻ ഭരണകൂടം അടിച്ചമർത്തുന്നതിനെതിരെ ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഈ ആഭ്യന്തര-അന്തർദേശീയ സമ്മർദ്ദങ്ങൾക്കിടയിൽ ഈ ആഴ്ച നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾ നിർണ്ണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam