അമേരിക്കയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പേര് നൽകി. പ്രസിഡൻ്റ് ഡോണാൾഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പുനർനാമകരണം ചെയ്തത്.
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പേര് നൽകി സംസ്ഥാന ഭരണകൂടം. പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളം ഇനിമുതൽ പ്രസിഡൻ്റ് ഡോണാൾഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടും. പേരുമാറ്റം സംബന്ധിച്ചു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഈ വർഷം ആദ്യം ഒപ്പുവെച്ച നിയമനിർമ്മാണമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. പ്രസിഡന്റ് ട്രംപിനോടുള്ള ആദരസൂചകമായാണ് സംസ്ഥാന ഭരണകൂടം വിമാനത്താവളത്തിന് ട്രംപിൻ്റെ പേര് നൽകാൻ തീരുമാനിച്ചത്.
അതേസമയം പേരുമാറ്റത്തെ തുടർന്നുള്ള വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ ആഴ്ചകളെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ഉള്ള വിമാനത്താവള കോഡായ 'പിബിഐ' ഓഗസ്റ്റ് 18ന് ശേഷം 'ഡിജെടി' എന്ന് മാറുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിന് തന്റെ പേര് നൽകിയത് തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും അതിശയകരവുമായ വിമാനത്താവളങ്ങളിൽ ഒന്നായി ഇത് മാറുമെന്നും ട്രംപ് പറഞ്ഞു. പാം ബീച്ചിലെ വോട്ടർമാർക്കും ട്രംപ് നന്ദി അറിയിച്ചു.
അതിനിടെ, പേരുമാറ്റത്തിന് ശേഷം ഡോണാൾഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആദ്യമായി പറന്നിറങ്ങിയ വിമാനമായി 'ട്രംപ് ഫോഴ്സ് വൺ' മാറി. പ്രസിഡൻ്റ് ട്രംപിൻ്റെ മകൻ എറിക് ട്രംപിനെയും വഹിച്ചാണ് ദ ട്രംപ് ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 757 വിമാനം ഡോണാൾഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. പാം ബീച്ചിലുള്ള വസതിയിലേക്ക് എത്താനായി ട്രംപിന്റെ കുടുംബം പലപ്പോഴും വിമാനത്താവളം ഉപയോഗിക്കാറുണ്ട്. ഈ വർഷം ആദ്യം വിമാനത്താവളത്തിൽനിന്ന് പാം ബീച്ചിലെ എസ്റ്റേറ്റിലേക്കുള്ള റോഡിന് പ്രസിഡന്റ് ഡോണാൾഡ് ജെ ട്രംപ് ബോളിവാർഡ് എന്ന് പേര് നൽകിയിരുന്നു.


