
ജറുസലേം: കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ഇറാൻ ഭരണകൂടം ആരെ നിയമിച്ചാലും അവരെയും വധിക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി ഇസ്രായേൽ. ശനിയാഴ്ച നടന്ന യുഎസ് - ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാനിലെ ഉന്നത നേതൃത്വം ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ ഭീഷണി. ഇറാന്‍റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ബുധനാഴ്ച കടുത്ത ഭീഷണി മുഴക്കി.
ഓപ്പറേഷൻ 'റോറിംഗ് ലയൺ' എന്ന സൈനിക നീക്കത്തിന്‍റെ ഭാഗമായി പുതിയ ഇറാൻ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയും താനും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാറ്റ്സ് അറിയിച്ചു. അധികാരമേൽക്കുന്ന വ്യക്തിയുടെ പേരോ ഒളിത്താവളമോ തങ്ങൾക്ക് പ്രശ്നമല്ലെന്നും ഇസ്രായേൽ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി സഹകരിച്ച് ഇറാന്‍റെ സൈനിക ശേഷി തകർക്കുമെന്നും നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഇറാനിലെ ജനങ്ങളെ സഹായിക്കുമെന്നുമാണ് ഇസ്രായേലിന്‍റെ വാദം.
അതേസമയം, ഖമേനി ഔദ്യോഗികമായി ഒരു പിൻഗാമിയെ പ്രഖ്യാപിക്കാത്തത് ഇറാനിലെ ഭരണതുടർച്ചയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ മുതിർന്ന പുരോഹിത സഭ രഹസ്യമായി ഒത്തുചേർന്നാണ് പുതിയ നേതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇറാനിൽ ജനാധിപത്യം കൊണ്ടുവരുമെന്ന് അമേരിക്കയും ഇസ്രായേലും ആവർത്തിക്കുമ്പോഴും, വെനസ്വേലയിലേതിന് സമാനമായ രീതിയിൽ ഭരണം പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെക്കുന്നത്. പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തിയ ഈ നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രക്തച്ചൊരിച്ചിലിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam