
ക്വിറ്റോ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെയുള്ള നടപടിയിൽ ഇക്വഡോറിൽ അമേരിക്കൻ സൈനിക നടപടി. ട്രംപ് ഭരണകൂടത്തിന്റെ മയക്കുമരുന്ന് വിരുദ്ധ നടപടിയുടെ ഭാഗമായാണ് യുഎസ് സൈന്യം ഇക്വഡോറിന്റെ കരയിലിറങ്ങിയുള്ള ഓപ്പറേഷൻ നടത്തിയത്. ഇതുവരെ ലഹരി മരുന്ന് ശൃംഖലകൾക്കെതിരെ വ്യോമാക്രമണം മാത്രമായിരുന്നു യുഎസിന്റെ ആക്രമണ ശൈലി. ഈ പതിവ് ശൈലിക്കാണ് ഇക്വഡോറിൽ അമേരിക്കൻ സൈന്യം മാറ്റം വരുത്തിയത്. ഇക്വഡോറിൽ നിന്നുള്ള സൈനിക ഉപദേഷ്ടാക്കൾക്കൊപ്പമായിരുന്നു മാർച്ച് 3ന് യുഎസ് സേനയുടെ സൈനിക നടപടി. ആക്രമണ നടപടിയുടെ പദ്ധതി തയ്യാറാക്കിയതും ഇന്റലിജൻസ് സമാഹരണവും നടപ്പിലാക്കുന്നതിനുള്ള സജ്ജീകരണങ്ങളും നൽകിയത് ഇക്വഡോർ ആയിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എയർലിഫ്റ്റ് അടക്കമുള്ള സൌകര്യങ്ങൾ ഇക്വഡോർ ഒരുക്കി നൽകിയപ്പോൾ കരയാക്രമണം അടക്കമുള്ള നടപടികൾ നടപ്പിലാക്കിയത് യുഎസ് സൈന്യമായിരുന്നു. സംയുക്ത ആക്രമണത്തിന്റെ വീഡിയോ അമേരിക്ക ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ആക്രമണത്തേക്കുറിച്ചുള്ള വിവരം അമേരിക്കൻ സതേൺ കമാൻഡ് പുറത്തുവിട്ടത്. ലഹരി മരുന്ന് എത്തിക്കുന്നതെന്ന് വിലയിരുത്തപ്പെട്ട കപ്പലുകളിലും ലഹരി മരുന്ന് സംഘങ്ങളുടെ ഒളിയിടങ്ങളിലും അമേരിക്കൻ സേന ആക്രമണം നടത്തി. ലഹരിമരുന്ന് ഭീകരയ്ക്കെതിരെയുള്ള കരീബിയനിലെ ശക്തമായ നടപടിയായാണ് നീക്കത്തെ വിലയിരുത്തപ്പെടുന്നത്. കരയാക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചുവെങ്കിലും ആക്രമണത്തിന്റെ മറ്റ് വിവരങ്ങൾ സതേൺ കമാൻഡ് പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam