
വാഷിങ്ടണ്‍: സൗദി വിമർശകനും വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധത്തിൽ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഒന്നും അറിയില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ സിഐഎ റിപ്പോർട്ടിനെ നിരാകരിച്ചാണ് ട്രംപിന്‍റെ പ്രസ്താവന. ഖഷോഗി വിവാദ വ്യക്തിയായിരുന്നുവെന്നും ചിലപ്പോൾ അരുതാത്തത് സംഭവിക്കുമെന്നും മുഹമ്മദ് ബിൻ സൽമാനുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ച്ചക്കിടെ ട്രംപ് പറഞ്ഞു. അതേസമയം ഖഷോഗി കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും, വലിയ തെറ്റാണെന്നും മുഹമ്മദ് ബിൻ സൽമാൻ മറുപടി നൽകി.
സൗദി കിരീടാവകാശിക്ക് വൈറ്റ് ഹൗസിൽ രാജകീയ സ്വീകരണം നൽകി. സൗദി അറേബ്യ അമേരിക്കയിൽ ഒരു ട്രില്യൻ ഡോളറിന്റെ നിക്ഷേപം നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ, ടെക്നോളജി, എഐ കരാറുകൾ ഒപ്പിടും. അമേരിക്ക സൗദിക്ക് അത്യാധുനിക എഫ്-35 വിമാനങ്ങൾ നൽകുമെന്നും ട്രംപ് പറഞ്ഞു. 48 പുതിയ വിമാനങ്ങൾ വാങ്ങാൻ സൗദി താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മധ്യപൂർവദേശത്ത് ഇസ്രയേലാണ് എഫ് 35 യുദ്ധവിമാനം കൈവശമുള്ള ഏക രാജ്യം.
ജമാൽ ഖഷോഗി 2018ൽ കൊലപ്പെട്ട സംഭവം സൃഷ്ടിച്ച കോളിളക്കത്തെ തുടർന്ന് യുഎസ്–സൗദി ബന്ധത്തിൽ ഉലച്ചിലുണ്ടായി. ഏഴ് വർഷത്തിന് ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിലെത്തിയത്. ജമാൽ ഖഷോഗിയുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട ട്രംപ്, മുഹമ്മദ് ബിന്‍ സല്‍മാന് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞു. തന്റെ സന്ദര്‍ശകനെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിഷയം ഉന്നയിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി- 'നിങ്ങള്‍ പരാമര്‍ശിക്കുന്നത് വിവാദപുരുഷനായ ഒരാളെക്കുറിച്ചാണ്. ആ വ്യക്തിയെ ഒരുപാട് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും, പലതും സംഭവിക്കും' ട്രംപ് പറഞ്ഞു. എന്നിട്ട് സൗദി കിരീടാവകാശിയുടെ നേരെ തിരിഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു- 'അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, നമുക്ക് ഇത് ഇവിടെ നിര്‍ത്താം.'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam