
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ) പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ന്യൂസിലൻഡ് വിദേശകാര്യ മന്ത്രിയും ന്യൂസിലൻഡിലെ തീവ്ര വലതുപക്ഷ പാർട്ടി നേതാവുമായ വിൻസ്റ്റൻ പീറ്റേഴ്സ് രംഗത്തെത്തി. കരാർ 'ന്യൂസിലൻഡിന് മോശമായ ഡീലാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ കരാർ 'സ്വതന്ത്രവും നീതിയുക്തവുമല്ല' എന്നും അഭിപ്രായപ്പെട്ടു. പ്രധാനമായും ക്ഷീരമേഖലയെ (പാൽ, ചീസ്, ബട്ടർ തുടങ്ങിയവ) ഒഴിവാക്കിയതിനെതിരെയും കുടിയേറ്റ - തൊഴിൽ മൊബിലിറ്റി മേഖലകളിൽ ഇന്ത്യക്ക് അമിത ഇളവുകൾ നൽകിയതിനെതിരെയുമാണ് പീറ്റേഴ്സിന്റെ എതിർപ്പ്. ന്യൂസിലൻഡ് പൂർണമായി വിപണി തുറന്നുകൊടുക്കുമ്പോൾ ഇന്ത്യ ക്ഷീര ഉൽപന്നങ്ങൾക്ക് തീരുവ ഇളവ് നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ പാർലമെന്റിലെത്തിയാൽ തന്റെ പാർട്ടി എതിർത്ത് വോട്ട് ചെയ്യുമെന്നും കരാറിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കരാറനുസരിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസിലൻഡിലേക്ക് 100 ശതമാനം തീരുവ രഹിത പ്രവേശനം ലഭിക്കുമ്പോൾ ന്യൂസിലൻഡിന്റെ 95 ശതമാനം കയറ്റുമതി ഉൽപന്നങ്ങൾക്കും ഇന്ത്യയിൽ ഘട്ടം ഘട്ടമായി തീരുവ ഇളവ് ലഭിക്കും. ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതാണ് കരാർ. എന്നാൽ ഇന്ത്യയുടെ കർഷക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ക്ഷീരമേഖല തുറക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ 30 ശതമാനം വരുന്ന ക്ഷീര ഉൽപന്നങ്ങൾക്ക് വിപണി പ്രവേശനം ലഭിക്കാത്തത് കർഷകരെ ബാധിക്കുമെന്നാണ് പീറ്റേഴ്സിന്റെ വാദം.
പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ക്രിസ്റ്റഫർ ലക്സണും ഫോൺ സംഭാഷണത്തിലൂടെ കരാർ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ ദ്വിപക്ഷീയ വ്യാപാരം ഇരട്ടിയാക്കാനുള്ള ലക്ഷ്യത്തോടെയാണ്. 2026 ൽ ഒപ്പിട്ട് നടപ്പാക്കാനിരിക്കുന്ന കരാർ ന്യൂസിലൻഡിന്റെ ഭരണകക്ഷി സഖ്യത്തിൽ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ എതിർപ്പ് ഇന്ത്യൻ സർക്കാരിനോ നയങ്ങൾക്കോ എതിരല്ല, മറിച്ച് സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണെന്ന് പീറ്റേഴ്സ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam