'അക്രമം തടയാൻ ബൈഡൻ കഠിനശ്രമം നടത്തുന്നു': ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ അതിക്രമത്തെ അപലപിച്ച് അമേരിക്ക

By Web TeamFirst Published Feb 16, 2024, 11:50 AM IST
Highlights

വംശമോ ലിംഗഭേദമോ മതമോ മറ്റേതെങ്കിലും ഘടകമോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണവുമില്ല. അമേരിക്കയിൽ അത് തീർത്തും അസ്വീകാര്യമാണെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍‌ വിദ്യാർത്ഥികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്ന് വൈറ്റ് ഹൗസ്. ഇത്തരം അക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി അവകാശപ്പെട്ടു. 

"വംശമോ ലിംഗഭേദമോ മതമോ മറ്റേതെങ്കിലും ഘടകമോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണവുമില്ല. അമേരിക്കയിൽ അത് തീർത്തും അസ്വീകാര്യമാണ്"- ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ അമേരിക്കയിലുണ്ടായ ആക്രമണ പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കിർബിയുടെ പ്രതികരണം. അത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയാൻ സംസ്ഥാന, പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കിർബി പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കാൻ പ്രസിഡന്‍റും ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അവർ ഉത്തരവാദിത്തം നിറവേറ്റുമെന്നും ജോൺ കിർബി വിശദീകരിച്ചു. 

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നിരവധി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. ജനുവരിയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിയായ വിവേക് ​​സൈനിയെ മയക്കുമരുന്നിന് അടിമയായ പ്രതിയാണ് കൊലപ്പെടുത്തിയത്.  ജോർജിയയിലെ ലിത്തോണിയയിലായിരുന്നു സംഭവം. ഇന്ത്യാന വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ വിദ്യാർത്ഥി സയ്യിദ് മസാഹിർ അലി ഫെബ്രുവരിയിൽ ആക്രമിക്കപ്പെട്ടു. അകുൽ ധവാൻ, നീൽ ആചാര്യ എന്നീ വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയതും ജനുവരിയിലാണ്. സിൻസിനാറ്റിയിലെ ലിൻഡ്‌നർ സ്‌കൂൾ ഓഫ് ബിസിനസിലെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡിയെ ഈ മാസമാണ് ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യത്യസ്ത സംഭവങ്ങളിലായി ഇന്ത്യന്‍ വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ അസ്വസ്ഥനാണെന്ന് ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിൻ ഭൂട്ടോറിയ പറഞ്ഞു. അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!