
ദില്ലി: ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വീസ ചട്ടങ്ങളിലെ മാറ്റവും താരിഫും ഇന്ത്യയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളല്ലെന്നും റൂബിയോ ദില്ലിയിൽ എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്കു ശേഷം പറഞ്ഞു. വീസ മാറ്റങ്ങളിലെ ആശങ്ക റൂബിയോയെ അറിയിച്ച ജയശങ്കർ, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും എന്ന സന്ദേശവും യു എസിന് നൽകി. ഇന്ത്യയ്ക്ക് പല രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാൻ അവകാശമുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കി. മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയാണ് എസ് ജയശങ്കറും മാർക്കോ റൂബിയോയും തമ്മിൽ നടന്നത്. രണ്ടു രാജ്യങ്ങൾക്കുമിടയിൽ പല വിഷയങ്ങളിലുമുള്ള ഭിന്നതയിൽ തുറന്ന ചർച്ച നടന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ യു എസ് - ഇറാൻ ധാരണയ്ക്കുള്ള സാധ്യത റൂബിയോ അറിയിച്ചു. ഇറാനെ ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രം എന്ന് വശേഷിപ്പിച്ച റൂബിയോ ആണവായുധം കൈയ്യിൽ വയ്ക്കാൻ യു എസ് ഒരു തരത്തിലും ആ രാജ്യത്തെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമായി നടക്കേണ്ടതിൻറെ ആവശ്യകത ജയശങ്കർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഗ്രീൻകാർഡിന് അപേക്ഷിക്കാൻ അമേരിക്കയിൽ തുടരുന്നവർക്ക് കഴിയില്ല എന്നതടക്കം കുടിയേറ്റ നിയമങ്ങളിലെ ആശങ്ക യു എസിനെ ജയശങ്കർ അറിയിച്ചു.
കുടിയേറ്റ രംഗത്തെ പരിഷ്ക്കരണം താല്ക്കാലിക ബുദ്ധിമുട്ടുണ്ടാക്കിയാലും സാങ്കേതിക വൈദഗ്ധ്യം നേടിയവർ കൂടുതലുള്ള ഇന്ത്യയെ ഇത് ഭാവിയിൽ സഹായിക്കുമെന്ന് റൂബിയോ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ സഹകരണം ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് ഒട്ടും തടസ്സമാകില്ലെന്നും റൂബിയോ വിശദീകരിച്ചു. ഇന്ത്യയ്ക്കെതിരെ വംശീയ പരാമർശങ്ങൾ യു എസിൽ നിന്ന് ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അതിനോട് ഭരണകൂടം യോജിക്കുന്നില്ലെന്നും എല്ലാ രാജ്യങ്ങളിലും മൂഢൻമാർ ഉണ്ടെന്നും റൂബിയോ പ്രതികരിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് റൂബിയോയുടെ സാന്നിധ്യത്തിൽ ജയശങ്കർ പറഞ്ഞത് ശ്രദ്ധേയമായി. ഇന്ത്യ - അമേരിക്ക ആണവ കരാറിന്‍റെ അന്തിമ കരട് കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇതിനായി അമേരിക്കൻ സംഘം വൈകാതെ ഇന്ത്യയിലെത്തുമെന്നും രണ്ട് നേതാക്കളും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam