ടര്‍ക്കിക്ക് എഫ്-35 വിമാനങ്ങള്‍ വില്‍ക്കുന്നത് പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരസ്യ പ്രതികരണം.

ടെല്‍ അവീവ്: അമേരിക്കയുടെ അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളായ എഫ്-35 ടര്‍ക്കിക്ക് വില്‍ക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടര്‍ക്കിക്ക് ഈ വിമാനങ്ങള്‍ കൈമാറുന്നത് പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ചാനലായ സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടര്‍ക്കിക്ക് എഫ്-35 വിമാനങ്ങള്‍ വില്‍ക്കുന്നത് പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരസ്യ പ്രതികരണം. നാറ്റോ ഉച്ചകോടിക്കായി നിലവില്‍ തുര്‍ക്കിയിലുള്ള ട്രംപ്, അങ്കാറയെ അമേരിക്കയുടെ അസാധാരണ പങ്കാളി എന്നാണ് വിശേഷിപ്പിച്ചത്. തന്റെ ആദ്യ ഭരണകാലത്ത് തുര്‍ക്കിക്ക് മേല്‍ ഏര്‍പ്പെടുത്തിയ എഫ്-35 വിലക്ക് നീക്കാന്‍ താന്‍ തയ്യാറാണെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു.

അമേരിക്കയുടെ അത്യാധുനിക വിമാനങ്ങള്‍ കൈക്കലാക്കിയത് കൊണ്ട് മാത്രം ടര്‍ക്കി യുഎസിന്റെ സൗഹൃദ രാജ്യമാകില്ലെന്ന് നെതന്യാഹു ഓര്‍മ്മിപ്പിച്ചു. ടര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗന്റെ ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡ് പ്രത്യയശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ടതാണെന്നും അവര്‍ക്ക് അമേരിക്കയോട് വെറുപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'എര്‍ദോഗന്‍ അമേരിക്കയുടെ മാതൃകാ സഖ്യകക്ഷിയല്ല. എന്റെ രാജ്യത്തെ തകര്‍ക്കുമെന്നാണ് അവന്‍ ഭീഷണിപ്പെടുത്തുന്നത്. ഇത്തരം ശക്തികള്‍ക്ക് ഇത്രയും വലിയ സൈനിക കരുത്ത് നല്‍കിയാല്‍ മേഖലയില്‍ കൂടുതല്‍ അക്രമങ്ങളാകും ഉണ്ടാവുക.'-നെതന്യാഹു പറഞ്ഞു.

ഇസ്രായേല്‍ മനുഷ്യരാശിക്ക് താങ്ങാനാകാത്ത ഭാരമായി മാറിയെന്ന ടര്‍ക്കിഷ് വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്റെ പ്രസ്താവനയെ വംശഹത്യക്കുള്ള ആഹ്വാനമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. എന്നാല്‍, ഈ വിഷയത്തില്‍ ട്രംപുമായി തനിക്ക് ഭിന്നതകളില്ലെന്നും പ്രധാന വിഷയങ്ങളില്‍ തങ്ങള്‍ ഒരേ നിലപാടിലാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റാണ്, യുഎസിന് നല്ലത് ചെയ്യുന്നു. ഞാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ്, എന്റെ രാജ്യത്തിന് നല്ലത് ഞാനും ചെയ്യുന്നു' എന്നായിരുന്നു നെതന്യാഹുവിന്റെ വിശദീകരണം.

അമേരിക്കയും ഇറാനും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് ഉടനടി പ്രതികരിക്കാന്‍ നെതന്യാഹു തയ്യാറായില്ല. ചര്‍ച്ചകളിലൂടെ ഇറാന്റെ ആണവപദ്ധതി തടയാനാകുമെന്ന് ട്രംപ് വിശ്വസിക്കുന്നുണ്ടെങ്കിലും തനിക്ക് അതില്‍ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ട്രംപിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇസ്രായേലിനുള്ള പിന്തുണ പിന്‍വലിക്കുന്ന അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളെ നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ അതിരുകടന്നതായി സമ്മതിച്ച അദ്ദേഹം, അക്രമകാരികളായ ചെറുപ്പക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കിലും കോടതികള്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.