അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ് സ്വകാര്യ സന്ദർശനത്തിനായി ആലപ്പുഴയിലെത്തി. എട്ടംഗ സംഘത്തോടൊപ്പം കായൽ സൗന്ദര്യം ആസ്വദിക്കുന്ന അദ്ദേഹം, നെഹ്‌റു ട്രോഫി വള്ളംകളിയുടെ പരിശീലനവും കാണും. പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മടങ്ങും.
ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിക്കുന്ന സംഘം വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കാണും. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ഡോണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് പ്രമുഖ അന്താരാഷ്ട്ര വ്യവസായിയായ മൈക്കിൾ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചു
മൈക്കൽ ബുോലോസും അംബാസഡർ ഗോറും കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തിനെ കാണുന്നതിനായി ഈ വർഷം രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇവിടെയെത്തിയിരിക്കുന്നത്, ഇതൊരു ഔദ്യോഗിക സന്ദർശനമല്ലെന്നും അംബാസഡര്‍ വ്യക്തമാക്കി. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.

