പാകിസ്ഥാനിൽ പെട്രോൾ വിലവർധനവിനും പണപ്പെരുപ്പത്തിനും എതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ വൻ ജനകീയ പ്രതിഷേധം നടന്നു. കറാച്ചി, ലാഹോർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നടന്ന റാലികളിൽ, സർക്കാർ അധിക നികുതി പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെട്രോളിൻ്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർധനവിനെതിരെ ജനരോഷം ആളിക്കത്തുന്നു. പുതിയ പെട്രോളിയം നികുതിക്കെതിരെയും പണപ്പെരുപ്പത്തിനെതിരെയും വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കറാച്ചി, ലാഹോർ, പെഷവാർ, ക്വറ്റ, ഇസ്ലാമാബാദ്, റാവൽപിണ്ടി, അബ്ബോട്ടാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ റാലികളും ധർണകളും നടന്നു.

"മതിയായി ഇനി സഹിക്കാൻ കഴിയില്ല", "ലെവി പിൻവലിക്കുക, ആശ്വാസം നൽകുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടി പ്രതിദിനം ഇന്ധനവില നിശ്ചയിക്കാനും അധിക നികുതി ചുമത്താനുമുള്ള സർക്കാരിന്റെ തീരുമാനം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കെയാണ് പ്രതിഷേധം. പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി തലവൻ ഹാഫിസ് നയീമുർ റഹ്മാൻ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും മന്ത്രിസഭയ്ക്കുമെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. അധിക നികുതി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പെട്രോളിയം ലെവിയിലൂടെ സർക്കാർ എട്ട് ലക്ഷം കോടി പാകിസ്ഥാനി രൂപ പിരിച്ചെടുത്തെന്നും ഭരണാധികാരികളുടെ അഴിമതിയും കഴിവുകേടും മറച്ചുവെക്കാനാണ് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതെന്നും ആരോപിച്ചു.

അന്താരാഷ്ട്ര നാണയ നിധി വില കുറയ്ക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ വാദത്തെയും റഹ്മാൻ തള്ളിക്കളഞ്ഞു. "ഐ.എം.എഫ് സമ്മതിക്കില്ലെന്നാണ് നിങ്ങൾ പറയുന്നത്. എങ്കിൽ നിങ്ങളും നിങ്ങളുടെ ഐ.എം.എഫും തുലയട്ടെ; പാവപ്പെട്ട ജനങ്ങളെയും വിദ്യാർത്ഥികളെയും കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ" എന്ന് അദ്ദേഹം തുറന്നടിച്ചു. വെള്ളിയാഴ്ച നടന്ന പ്രതിഷേധങ്ങൾ സാമ്പിൾ മാത്രമാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ രീതിയിൽ സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.