
സിയോള്‍: ഉത്തര കൊറിയ അയച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പതിച്ചത് ജപ്പാനില്‍. ജപ്പാനിലെ പ്രത്യേക വ്യാവസായിക മേഖലയിലാണ് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ എത്തിയതെന്നാണ് സിയോളും ടോക്കിയോയും വിശദമാക്കുന്നത്. വരാനിരിക്കുന്ന അമേരിക്ക ദക്ഷിണ കൊറിയ സൈനിക അഭ്യാസത്തിന് മറുപടി നല്‍കാനായി തൊടുത്ത മിസൈല്‍ വഴിതെറ്റിയെന്നാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം സംയുക്ത സൈനികാഭ്യാസത്തിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഏഴ് ആഴ്ചകള്‍ക്കുള്ളിലെ ആദ്യത്തേതാണ് ശനിയാഴ്ച നടന്ന ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിക്ക് മറുപടിയായാണ് അമേരിക്ക ദക്ഷിണ കൊറിയ സംയുക്തമായി സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്. ജപ്പാന്‍റെ പ്രത്യേക വ്യാവസായിക മേറലയിലൂടെ 66 മിനിറ്റോളം സഞ്ചരിച്ച ശേഷമാണ് ബാലിസ്റ്റിക് മിസൈല്‍ നിലത്തുവീണത്. 14000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നാണ് ജപ്പാന്‍റെ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. അമേരിക്കയിലെ പ്രധാന ഇടങ്ങളില്‍ എവിടെയെങ്കിലും പതിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.
സാധാരണ ഗതിയില്‍ ഇത്തരം ഭീഷണി മിസൈലുകള്‍ പ്രയോഗിക്കുമ്പോള്‍ അയല്‍ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഏറെ ദൂരം പറക്കുന്നത് ഒഴിവാക്കാറുള്ള ഉത്തര കൊറിയന് നടപടിക്കാണ് നിലവില്‍ മാറ്റമുണ്ടായത്. ഉത്തര കൊറിയയുടെ നടപടിയെ അപലപിക്കുന്നതായി അമേരിക്ക വ്യക്തമാക്കി. സഖ്യ കക്ഷികളായ ജപ്പാനെയും ദക്ഷിണ കൊറിയയേയും സംരക്ഷിക്കാനുള്ള ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാവുമെന്നും അമേരിക്ക വ്യക്തമാക്കി. ലക്ഷ്യ സ്ഥാനങ്ങളിലെത്താനുള്ള മിസൈലിന്‍റെ കഴിവ് പ്രകടമാക്കാനും അതുവഴി മുന്നറിയിപ്പ് നല്‍കാനുള്ള ഉത്തര കൊറിയന്‍ ശ്രമമായാണ് നീക്കത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.രാജ്യത്തിന്റെ പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷണം കിം പരിശോധിക്കുകയും ആണവായുധങ്ങൾ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam