ഉത്തര കൊറിയ കൊവിഡ് 19 -ന്റെ പിടിയിലാണ് എന്നാണ് അഭ്യൂഹം. നൂറുകണക്കിന് സൈനികർ കൊവിഡ് 19 ബാധിച്ച് മരിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് പേര് ക്വാറന്റൈൻ ചെയ്യപ്പെട്ട അവസ്ഥയിലുമാണ്. എന്നാൽ, അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിലക്കുള്ള, ആഭ്യന്തര മാധ്യമങ്ങൾ ഏകാധിപതിയായ കിം ജോംഗ് ഉന്നിന്റെ അനുമതിയോടെ മാത്രം എന്തും പ്രസിദ്ധപ്പെടുത്തുന്ന ഉത്തര കൊറിയയിൽ നിന്നുവരുന്ന വാർത്തകളിൽ അതിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഒന്നുമില്ല. തന്റെ സാമ്രാജ്യത്തിലേക്ക് കാലെടുത്തുവെക്കാൻ ഇതുവരെ കൊവിഡ് 19 എന്ന മഹാമാരിക്ക് സാധിച്ചിട്ടില്ല എന്ന നിലപാടിലാണ് കിം. 

Daily NK  എന്ന വാർത്താസ്ഥാപനം പറയുന്നത്, ജനുവരിയിലും ഫെബ്രുവരിയിലുമായി 180 -ല്പരം ഉത്തരകൊറിയൻ സൈനികർ കൊവിഡ് 19 ബാധിച്ചു മരിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ്. 3700 -ൽ പരം സൈനികർ ഐസൊലേഷനിൽ കഴിയുന്നുമുണ്ട്. എന്നാൽ, ഇതൊക്കെ പുറത്തറിഞ്ഞിട്ടും ഉത്തരകൊറിയൻ ഗവൺമെന്റിന്റെ ഔദ്യോഗിക ഭാഷ്യത്തിന് ഒരു മാറ്റവുമില്ല. ഇപ്പോഴും ഉത്തര കൊറിയയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പൂജ്യമാണ്. മരിച്ചവരുടെ എണ്ണവും. 

ഉത്തര കൊറിയൻ സൈന്യത്തിലെ മെഡിക്കൽ കോർപ്സിൽ നിന്ന് സംഘടിപ്പിച്ച രഹസ്യ വിവരത്തെ ആധാരമാക്കിയാണ് Daily NK  തങ്ങളുടെ റിപ്പോർട്ട് പുറത്തുവിട്ടത്. കടുത്ത നിയന്ത്രണങ്ങളാണ് കൊവിഡ് 19 ബാധയെ തടയാൻ വേണ്ടി ഉത്തര കൊറിയൻ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ചെറിയ പാളിച്ചകൾക്കു പോലും കടുത്ത ശിക്ഷകളുമാണ് പട്ടാളത്തിനും ആരോഗ്യവകുപ്പ് ജീവനക്കാർക്കും പൊതുജനങ്ങൾക്ക് നല്കിപ്പോരുന്നതും.