Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊറോണയില്ലെന്ന് കിം, രോഗിയെ വെടിവെച്ച് കൊന്നെന്ന് മാധ്യമങ്ങള്‍; ഉത്തരകൊറിയയില്‍ സംഭവിക്കുന്നതെന്ത്

അയല്‍രാജ്യമായ ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധ പടര്‍ന്ന് പിടിക്കുമ്പോള്‍ ഉത്തരകൊറിയയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഉത്തരകൊറിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 

Covid 19: What exactly happening in North Korea
Author
Seoul, First Published Mar 11, 2020, 11:15 AM IST

സോള്‍: ലോകത്താകമാനം കൊറോണവൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ തങ്ങളുടെ രാജ്യത്ത് ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ലെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോഗിക മാധ്യമമായ റോഡോംഗ് സിന്‍മുനാണ് രാജ്യത്ത് വൈറസ് ബാധയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അയല്‍രാജ്യമായ ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധ പടര്‍ന്ന് പിടിക്കുമ്പോള്‍ ഉത്തരകൊറിയയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഉത്തരകൊറിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ദക്ഷിണ കൊറിയ, ഹോങ്കോങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരകൊറിയയില്‍ വൈറസ് ബാധയില്ലെന്ന അവകാശവാദം സംശയാസ്പദമായിരുന്നു. ചൈനയുമായി 1500 കിലോമീറ്ററാണ് ഉത്തരകൊറിയ അതിര്‍ത്തി പങ്കിടുന്നത്. 

ഉത്തരകൊറിയ വിവരങ്ങള്‍ മറച്ചുവെക്കുന്നതായി മാധ്യമങ്ങള്‍

ഉത്തര കൊറിയയില്‍ കൊവിഡ് ബാധിച്ച് 19 പേര്‍ മരിച്ചതായും 200 സൈനികര്‍ക്ക് വൈറസ് ബാധയേറ്റതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും പശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധ ഉത്തരകൊറിയയില്ലെന്ന വാദവും മാധ്യമങ്ങള്‍ നിരാകരിക്കുന്നു. ചില മാധ്യമങ്ങള്‍ 200ഓളം സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയേറ്റ 4000ത്തോളം പേരെ തടവിലാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി ഡെയ്‍ലി എന്‍കെ ന്യൂസ് ഓര്‍ഗനൈസേഷനും ബ്രിട്ടീഷ് മാധ്യമങ്ങളുമാണ് ഉത്തരകൊറിയയിലെ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

പ്രതിസന്ധിക്കിടയിലും മിസൈല്‍ പരീക്ഷണം

ലോകമാകെ കൊറോണയില്‍ പേടിച്ചിരിക്കുമ്പോള്‍ ഉത്തരകൊറിയ മൂന്ന് മിസൈല്‍ പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 200 കിലോമീറ്റര്‍ പരിധിയുള്ള മൂന്ന് രഹസ്യ മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ നടപടിയില്‍ ദക്ഷിണ കൊറിയ ആശങ്ക പ്രകടിപ്പിച്ചു. 

കൊറോണവൈറസ് ബാധിച്ചയാളെ വെടിവെച്ച് കൊന്നു?

ഉത്തരകൊറിയയില്‍ ആദ്യമായി വൈറസ് ബാധിച്ചയാളെ വെടിവെച്ച് കൊന്നെന്നും പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഉത്തരവ് പ്രകാരമാണത്രെ ഇയാളെ വെടിവെച്ച് കൊന്നത്. ഇയാള്‍ ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സംബന്ധിച്ച രാജ്യത്തെ യാതൊരു വിധ വിവരങ്ങളും പുറത്തുവരാതിരിക്കാന്‍ അതീവ ശ്രദ്ധയാണ് കിം പുലര്‍ത്തുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios