'ഇത് കൊവിഡ് രഹിത രാജ്യം'; വീണ്ടും അവകാശവാദവുമായി ഉത്തരകൊറിയ

By Web TeamFirst Published Apr 2, 2020, 5:01 PM IST
Highlights

അയല്‍രാജ്യമായ ചൈനയില്‍ കൊവിഡ് ആദ്യം പടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ എല്ലാ അതിര്‍ത്തകളും അടച്ചിരുന്നതായും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും ഉത്തരകൊറിയയിലെ ആന്റി എപ്പിഡമിക് വിഭാഗം ഡയറക്ടര്‍ പാക് യോംഗ് സൂ പറഞ്ഞു

യോംഗ് യാങ്: ലോകം മുഴുവന്‍ കൊവിഡ് ഭീതി പടരുമ്പോള്‍ കൊറോണ വൈറസ് രഹിതമായ രാജ്യമാണ് തങ്ങളുടേതെന്ന് വീണ്ടും അവകാശപ്പെട്ട് ഉത്തരകൊറിയ. ലോകത്ത് ഒരു മില്യണിന് അടുത്ത് ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് ഘട്ടത്തിലാണ് ഉത്തരകൊറിയയിലെ ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

അയല്‍രാജ്യമായ ചൈനയില്‍ കൊവിഡ് ആദ്യം പടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ എല്ലാ അതിര്‍ത്തകളും അടച്ചിരുന്നതായും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും ഉത്തരകൊറിയയിലെ ആന്റി എപ്പിഡമിക് വിഭാഗം ഡയറക്ടര്‍ പാക് യോംഗ് സൂ പറഞ്ഞു. ഈ നീക്കങ്ങളെല്ലാം വിജയകരമായി നടപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. ഇതോടെ കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് തെളിയിക്കാനുള്ള നീക്കമാണ് കിം നടത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.

ഉത്തരകൊറിയയില്‍ കൊവിഡ് 19 ബാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗികമായി നേരത്തെയും പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ഉത്തരകൊറിയയില്‍ രോഗ വിവരങ്ങള്‍ ഇല്ലായിരുന്നു. അതേസമയം, ആദ്യം രോഗം ബാധിച്ചയാളെയും രോഗം ബാധിച്ച 200 സൈനികരെയും വെടിവെച്ച് കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഉത്തരകൊറിയ ഔദ്യോഗികമായി ഇതിന് മറുപടി നല്‍കിയില്ല.
 

click me!