ഉത്തരകൊറിയയില്‍ കൊവിഡ് തടയാന്‍ ആളുകളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവുണ്ടെന്ന് അമേരിക്കന്‍ ആരോപണം

By Web TeamFirst Published Sep 11, 2020, 2:48 PM IST
Highlights

 ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാന്‍ഡര്‍ പറഞ്ഞു.
 

വാഷിംഗ്ടണ്‍: ഉത്തരകൊറിയയില്‍ കൊവിഡ് വ്യാപനം തടയാന്‍ ആളുകളെ വെടിവെച്ച് കൊല്ലുാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന് അമേരിക്ക. ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാന്‍ഡര്‍ പറഞ്ഞു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയില്‍ ഇതുവരെ കൊവിഡ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, സൈനികര്‍ക്കടക്കം കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയ മൂടിവെക്കുകയാണെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. രോഗവ്യാപനം തടയുന്നതിനായി ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി ഉത്തരകൊറിയ അടച്ചിരുന്നു.

അതിര്‍ത്തി അടച്ചതോടെ കള്ളക്കടത്ത് വര്‍ധിച്ചെന്ന് യുഎസ് കൊറിയ കമാന്‍ജര്‍ റോബര്‍ട്ട് അബ്രഹാം പറഞ്ഞു. ചൈനീസ് അതിര്‍ത്തിയുടെ രണ്ട് കിലോമീറ്റര്‍ പരിസരം ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ തന്നെ ഇറക്കുമതി നന്നേ കുറഞ്ഞു. ഉത്തരകൊറിയക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അതിര്‍ത്തികള്‍ അടച്ചതിനാല്‍ ഫലപ്രദമാണ്. കൊവിഡിനെ ചെറുക്കാനുള്ള പ്രയത്‌നത്തിലാണ് അവര്‍. അതുകൊണ്ട് തന്നെ സമീപകാലത്തൊന്നും അവര്‍ ഭീഷണിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉത്തരകൊറിയ അടുത്ത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്നും സഹോദരിയാണ് ഭരണം നിയന്ത്രിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

click me!