
പ്യോംങ്യാംഗ്: ലോകരാജ്യങ്ങൾക്ക് ഒരു സംശയവും വേണ്ടെന്നും തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെയെന്നും പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ രംഗത്തെത്തി. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പൂര്‍ണ പിന്തുണയെന്നും കിം ജോംഗ് ഉന്‍ ആവര്‍ത്തിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യന്‍ പോരാട്ടത്തിന് എല്ലാ സഹായവുമുണ്ടാകുമെന്നും കിം ജോംഗ് ഉന്‍ വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കിം ജോംഗ് ഉന്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
അതേസമയം ആണവായുധ പരീക്ഷണത്തിനുള്ള നീക്കത്തിലാണ് റഷ്യ. ആണവായുധ പരീക്ഷണം വീണ്ടും നടത്തുമോയെന്ന ചോദ്യത്തോട് അതിനുള്ള സാധ്യത തള്ളാതെയുള്ള മറുപടിയാണ് റഷ്യൻ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി സെര്‍ജി യാബ്കോവ് നൽകിയത്. പരീക്ഷണം പുനരാരംഭിക്കുന്നത് പരിഗണനയിലുള്ള കാര്യമെന്നും സെര്‍ജി യാബ്കോവ് വിവരിച്ചു. 1990 ന് ശേഷം റഷ്യ ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരു ആണവായുധ പരീക്ഷണത്തിലേക്ക് റഷ്യ കടക്കുന്നുവെന്ന റിപ്പോർട്ടുകളെ അതീവ ശ്രദ്ധയോടെയാണ് ലോകം നോക്കിക്കാണുന്നത്.
അതിനിടെ ദക്ഷിണ കൊറിയയില്‍ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതാണ്. വൈ ടി എൻ ടെലിവിഷനിൽ നടത്തിയ അടിയന്തര ദേശീയ പ്രസംഗത്തിൽ "നാണംകെട്ട ഉത്തര കൊറിയൻ അനുകൂല രാഷ്ട്ര വിരുദ്ധ ശക്തികളെ" ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യെയോൾ രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഉത്തര കൊറിയയിൽ നിന്നുള്ള പ്രത്യേക ആണവ ഭീഷണിയെക്കുറിച്ച് പരാമർശിച്ചില്ലെങ്കിലും, തെക്കന്‍ രാഷ്ട്രീയ എതിരാളികളിൽ യെയോൾ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം പ്രസിഡന്‍റിന്‍റെ പുതിയ നീക്കം രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യ ചരിത്രത്തിന്‍റെ ആദ്യ കാലഘട്ടങ്ങളില്‍ സ്വേച്ഛാധിപതികളായ ഭരണാധികാരകള്‍ ഉണ്ടായിരുന്നെങ്കിലും 1980 കള്‍ മുതല്‍ രാജ്യത്ത് ജനാധിപത്യ ബോധമുള്ള നേതാക്കളാണ് ഭരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam