
പോങ്യാങ്: അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉത്തരകൊറിയൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കൾ രംഗത്തെത്തിയതായി പത്രം റിപ്പോർട്ട് ചെയ്തത്.
സന്നദ്ധ സേവനത്തിന് പേര് നൽകാൻ നീണ്ട വരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയയിൽ നിർബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്.
എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വർഷവും സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് നിയമം. യുഎസും ദക്ഷിണ കൊറിയയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയ അറിയിച്ചു.
അതേസമയം, ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം കഴിഞ്ഞ ദിവസം നടന്നു. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് വ്യാഴാഴ്ച പ്യോങ്യാങ്ങില്‍ നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ക്ക് മറുപടിയായാണ് രാജ്യത്തെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മോണ്‍സ്റ്റര്‍ മിസൈലെന്ന് വിളിക്കപ്പെടുന്ന ഹ്വാസോംഗ് 17ന്‍റെ വിക്ഷേപണമാണ് വ്യാഴാഴ്ച നടന്നത്. ഇത് ആകാശത്തിലേക്ക് ഉയര്‍ന്ന് വിജയരമായി പൊട്ടിത്തെറിക്കുകയായിരുന്നു. കിമ്മിന്‍റെ രണ്ടാമത്തെ മകളായ ജു ഏ ആണ് വിക്ഷേപണ സമയത്ത് കിമ്മിനൊപ്പമുണ്ടായിരുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ എടുത്ത ഭൂമിയുടെ ചിത്രങ്ങളും ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
മകള്‍ക്കൊപ്പം ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നിരീക്ഷിച്ച് കിം; വിക്ഷേപിച്ചത് 'മോണ്‍സ്റ്റര്‍ മിസൈല്‍'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam