നോര്‍വേയുടെ ആറുമാസത്തെ ദുഃഖത്തിന് ഉത്തരമായി; തീരത്തുനിന്ന് ലഭിച്ച മൃതദേഹം അര്‍തിനിന്റേത്

By Web TeamFirst Published Jun 7, 2021, 11:14 PM IST
Highlights

 യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് അപകടത്തില്‍ മരിച്ച കുടുംബത്തിലെ ഏറ്റവും ഇളയതായ 15 മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുര്‍ദിഷ്-ഇറാനിയന്‍ കുടുംബത്തിലെ ബാലനായ അര്‍തിന്‍ ആണ് മരിച്ചത്.

ഴിഞ്ഞ ആറ് മാസമായി നോര്‍വേ ജനത അന്വേഷിച്ച ചോദ്യത്തിന് ഉത്തരമായി. നോര്‍വെയുടെ സങ്കടമായിരുന്നു 15 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം. നോര്‍വേയുടെ കടല്‍ തീരത്ത് പുതുവര്‍ഷ ദിനത്തിലാണ് കുഞ്ഞിന്റെ മൃതദേഹം അടിഞ്ഞത്. അവസാനം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആരുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്.  യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് അപകടത്തില്‍ മരിച്ച കുടുംബത്തിലെ ഏറ്റവും ഇളയതായ 15 മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുര്‍ദിഷ്-ഇറാനിയന്‍ കുടുംബത്തിലെ ബാലനായ അര്‍തിന്‍ ആണ് മരിച്ചത്.

അര്‍തിന്റെ മൃതദേഹം ലഭിച്ചപ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രം
 

ഒക്ടോബറില്‍ നടന്ന ബോട്ടപകടത്തിലാണ് ബാലന്‍ മരിച്ചതെന്നും പൊലീസ് പറഞ്ഞു. കുടുംബം ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് ബോട്ട് മാര്‍ഗം കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കുടുംബത്തിലെ മറ്റ് നാലംഗങ്ങളും അപകടത്തില്‍ മരിച്ചിരുന്നു. 

മൃതദേഹം ഇറാനിലെത്തിച്ച് സംസ്‌കരിക്കും. പുതുവര്‍ഷത്തിലാണ് നോര്‍വേയുടെ ദക്ഷിണ പടിഞ്ഞാറന്‍ തീരമായ കാര്‍മോയില്‍ നിന്ന് ചെറിയ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. അന്വേഷണത്തില്‍ നോര്‍വേയില്‍ കുട്ടികളെ കാണാതായ സംഭവമുണ്ടായിട്ടില്ലെന്ന് വ്യക്തമായി. ആരും കുട്ടിയെ അന്വേഷിച്ച് പൊലീസിനെ സമീപിച്ചതുമില്ല. കുട്ടി നോര്‍വേയിലുള്ളതല്ലെന്ന് അങ്ങനെ മനസ്സിലായെന്ന് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥ കാമില ജെല്ലെ പറഞ്ഞു. 

അര്‍തിനിന്റെ കുടുംബം. എല്ലാവരും ബോട്ടപകടത്തില്‍ മരിച്ചു

ഡിഎന്‍എ പ്രൊഫൈല്‍ താരതമ്യം നടത്തിയാണ് കുട്ടിയുടെ കുടുംബത്തെ ഒടുവില്‍ തിരിച്ചറഞ്ഞത്. 2020 ഒക്ടോബര്‍ 27നാണ് റസൂല്‍ ഇറാന്‍ നെജാദ്(35), ഷിവ മുഹമ്മദ് പനാഹി(35), അനിറ്റ(9), അര്‍മിന്‍(6) 15 മാസം പ്രായമായ അര്‍തിന്‍ എന്നിവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. എല്ലാവരും അപകടത്തില്‍ മരിച്ചു. പടിഞ്ഞാറന്‍ ഇറാനിലെ സര്‍ദഷ്ടില്‍നിന്നാണ് ഇവര്‍ കുടിയേറിയത്. ബോട്ടിലുണ്ടായിരുന്ന 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. ബോട്ട് മുങ്ങിയതിനെക്കുറിച്ച് ഫ്രഞ്ച് പബ്ലിക് പ്രൊസിക്യൂട്ടര്‍ അന്വേഷണം നടത്തുകയും ചെയ്തു. അര്‍ടിന്റെ അമ്മായി നിഹായത്താണ് നോര്‍വേ സര്‍ക്കാറുമായി ബന്ധപ്പെട്ടത്. യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന നിരവധി ഇറാനിയന്‍-കുര്‍ദിഷ് വംശജരുടെ ജീവനാണ് കടലില്‍ പൊലിയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!