കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ടത് 22,900 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം; ഏറ്റവും കൂടുതൽ അമേരിക്കയിൽ നിന്നല്ല

Published : Feb 06, 2026, 02:32 PM ISTUpdated : Feb 06, 2026, 02:33 PM IST
deported from US

Synopsis

2025ൽ 22900 ഇന്ത്യൻ പൗരന്മാരെ വിദേശ രാജ്യങ്ങളിൽ നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയത് അമേരിക്കയിൽ നിന്നല്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ദില്ലി: കൃത്യമായ വിസയോ രേഖകളോ ഇല്ലാത്തതിനെ തുടർന്ന് 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ അറിയിച്ചു. കോൺഗ്രസ് എംപി രൺദീപ് സുർജേവാല ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ പേർ നാട് കടത്തപ്പെട്ടത് അമേരിക്കയിൽ നിന്നല്ല, മറിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 3806 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം അമേരിക്കയിൽ നിന്ന് നാടുകടത്തിയത്. ഹൂസ്റ്റണിൽ നിന്ന് 234 പേർ, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 49, ന്യൂയോർക്ക് നിന്ന് 47, അറ്റ്ലാന്‍റയിൽ നിന്നും സിയാറ്റിൽ നിന്നും 31 പേർ വീതം എന്നിങ്ങനെയാണ് കണക്ക്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളാണ് പ്രധാനമായും നാടുകടത്തപ്പെട്ടത്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ള കണക്ക്

സൗദി അറേബ്യയിൽ നിന്നും 13256 ഇന്ത്യക്കാർ നാടുകടത്തപ്പെട്ടു. ജിദ്ദയിൽ നിന്നും 8,921 പേരും റിയാദിൽ നിന്ന് 4,335 പേരുമാണ് നാട് കടത്തപ്പെട്ടത്. യുഎഇ ആകട്ടെ 9,558 ഇന്ത്യക്കാരെ തിരിച്ചയച്ചു. ദുബൈ- 7,896, അബുദാബി- 1,662 എന്നാണ് കണക്ക്. മലേഷ്യ- 1675, മ്യാൻമർ- 1605, സിംഗപ്പൂർ- 300, യുകെ- 70 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നും നാട് കടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.

വിദേശത്ത് ജോലി സ്വപ്നം കണ്ട് ഏജന്റുമാർക്ക് 50 ലക്ഷം രൂപ വരെ നൽകി, വീടും വസ്തുവും പണയപ്പെടുത്തി പോകുന്നവരാണ് ഇത്തരത്തിൽ തിരിച്ചയക്കപ്പെടുന്നതെന്ന് രണ്‍ദീപ് സിങ് സുർജേവാല ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിൽ വെച്ച് കൈവിലങ്ങണിയിച്ചാണ് ഇവരെ തിരിച്ചയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടുകടത്തപ്പെടുന്നവരോട് മാനുഷികമായ പരിഗണന കാണിക്കണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. പൗരന്മാരെ കൈവിലങ്ങ് അണിയിച്ച് തിരിച്ചയക്കുന്നതിലെ ആശങ്ക യുഎസ് അധികൃതരെ അറിയിച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷണം ഓർഡർ ചെയ്യാൻ മെനു ചോദിച്ചു, ഹോട്ടലാണെന്ന് കരുതി വിദേശികൾ എത്തിയത് ശവസംസ്കാര ചടങ്ങിൽ, ഞെട്ടിച്ച് കുടുംബം
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം; ഇതൊരു 'മരണക്കളി'! മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ