ഭക്ഷണം ഓർഡർ ചെയ്യാൻ മെനു ചോദിച്ചു, ഹോട്ടലാണെന്ന് കരുതി വിദേശികൾ എത്തിയത് ശവസംസ്കാര ചടങ്ങിൽ, ഞെട്ടിച്ച് കുടുംബം

Published : Feb 06, 2026, 01:33 PM IST
thai funeral

Synopsis

ഹോട്ടലാണെന്ന് കരുതി ശവസംസ്കാര ചടങ്ങിലെത്തി വിദേശ ടൂറിസ്റ്റുകൾ. തായ്‌ലൻഡിലെ നഖോൺ സി തമ്മാരത്തിൽ റെസ്റ്റോറന്റ് ആണെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരികൾ ഒരു മരണാനന്തര ചടങ്ങിൽ എത്തി. ക്ഷമ ചോദിച്ചെങ്കിലും, മരിച്ചയാളുടെ കുടുംബം അവരെ സ്നേഹത്തോടെ സ്വീകരിച്ചു.

ബാങ്കോക്ക്: 'ഹോട്ടലാണെന്ന് കരുതി ബാ‍ർബർ ഷോപ്പിലേക്ക് കയറിയാ'യാളുടെ തമാശ മലയാളികൾക്ക് സുപരിചിതമാണ്. വടക്കുനോക്കിയന്ത്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഈ 'ക്ലാസിക് തമാശ'ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിട്ടുണ്ടോ? എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരത്തില്‍ വലിയൊരു അമളി സംഭവിച്ചതിന്‍റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. തായ്‌ലൻഡിലെ നഖോൺ സി തമ്മാരത്തിൽ വിദേശ വിനോദസഞ്ചാരികൾക്കാണ് അബദ്ധം പറ്റിയത്. റെസ്റ്റോറന്റ് ആണെന്ന് കരുതി വിദേശികൾ കയറിച്ചെന്നത് ഒരു മരണാനന്തര ചടങ്ങ് നടക്കുന്ന വീട്ടിലേക്കായിരുന്നു.

ജനുവരി 31ന് തെക്കൻ തായ്​ലൻഡിലെ നഖോൺ സി തമ്മാരത്തിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. രണ്ട് ജർമൻ വിനോദസഞ്ചാരികൾ അവിടേക്ക് വന്നിരുന്നു. ഇവരുടെ വരവ് ചലോംകിയാഡ് എന്ന പ്രദേശവാസിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇരുവരും റസ്റ്ററന്‍റ് ആണെന്ന് പ്രതീക്ഷിച്ചാണ് വന്നത്. റോഡരികിൽ മേശകളും കസേരകളും നിരത്തി ഭക്ഷണവും പാനീയങ്ങളും തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടാണ് വിനോദസഞ്ചാരികൾ അവിടേക്ക് കയറിയത്. ഇതൊരു തായ് റെസ്റ്റോറന്റ് ആണെന്ന് അവർ തെറ്റിദ്ധരിച്ചു. എന്നാൽ ശവസംസ്കാര ചടങ്ങിന് എത്തുന്ന അതിഥികൾക്കായി ഒരുക്കിയതായിരുന്നു ആ സജ്ജീകരണങ്ങൾ. ഒരു സ്ത്രീ അടുത്തെത്തി ഇവർക്ക് വെള്ളക്കുപ്പികൾ കൈമാറിയതോടെ ഇരുവരും ഫൂഡ് മെനു ചോദിച്ചു. ഇതോടെയാണ് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവർ ഒന്നിച്ചുകൂടിയതാണെന്ന വിവരം ചലോംകിയാഡ് ഇരുവരെയും അറിയിച്ചത്.

സംഭവം മനസിലാക്കിയ വിനോദസഞ്ചാരികൾ വല്ലാതെ ലജ്ജിക്കുകയും കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അവരോട് ദേഷ്യപ്പെടുകയല്ല ചെയ്തത്. പകരം അവരെ സ്നേഹത്തോടെ സ്വീകരിക്കുകയും ഐസ് ടീയും പലഹാരങ്ങളും മറ്റ് തായ് വിഭവങ്ങളും നൽകി സൽക്കരിക്കുകയും ചെയ്തു. അല്പനേരം അവിടെ ഇരിക്കാൻ അനുവദിച്ച കുടുംബം, അവർക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു പോകാനുള്ള സൗകര്യവും ഒരുക്കി. സമാന രീതിയില്‍ രണ്ട് ദിവസത്തിന് ശേഷം ഡച്ച് യാത്രക്കാരായ മൂന്ന് പേർ റസ്റ്ററന്‍റ് ആണെന്ന് കരുതി ഇതേ സ്ഥലത്ത് കോക്ടെയിലുകൾ അന്വേഷിച്ച് എത്തിയിരുന്നു. എന്നാൽ ഇവരോടും ശവസംസ്കാര ചടങ്ങിന്‍റെ ഭാഗമായുള്ള കൂടിച്ചേരലാണ് അതെന്ന് ചലോംകിയാഡ് അറിയിച്ചു. കുടുംബം ഡച്ച് സഞ്ചാരികൾക്കും ആഹാരം നൽകിയാണ് മടക്കിയത്.

തായ്‌ലൻഡിലെ ആചാരപ്രകാരം ശവസംസ്കാര ചടങ്ങുകൾക്ക് എത്തുന്നവർക്ക് ഭക്ഷണവും പാനീയങ്ങളും നൽകുന്നത് പതിവാണ്. വിയോഗത്തിന്റെ വേദനയിലും തങ്ങളിലേക്ക് വന്ന അപരിചിതരോട് ആ കുടുംബം കാണിച്ച കരുണയെ ചരൺതോൺ ചലോംകിയാദ് എന്ന പ്രാദേശിക യുവാവ് പകർത്തിയ വീഡിയോയിലൂടെയാണ് ലോകം അറിഞ്ഞത്. തായ് ജനതയുടെ അതിഥി സൽക്കാര പ്രിയവും കാരുണ്യവും വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം; ഇതൊരു 'മരണക്കളി'! മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ലോക ഹിജാബ് ദിനത്തിൽ മംദാനിയുടെ പോസ്റ്റ്; ജീവൻ പണയം വച്ച് പോരാടുന്ന ഇറാനിലെ സ്ത്രീകളെ കാണുന്നില്ലേയെന്ന് വിമർശനം