
ദുബായ്: ദുബായ് സൗത്ത് മേഖലയിലുണ്ടായ ഒരു തീപിടിത്തത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലും ചില അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിച്ച തെറ്റായ അവകാശവാദങ്ങളും അഭ്യൂഹങ്ങളും തള്ളി ദുബായ് അധികൃതർ. പ്രമുഖ പോർട്ടുകളിലോ ഗ്യാസ് സംഭരണശാലകളിലോ വൻ സ്ഫോടനങ്ങളോ മിസൈൽ-ഡ്രോൺ ആക്രമണങ്ങളോ ഉണ്ടായെന്ന തരത്തിലുള്ള വാർത്തകളാണ് മണിക്കൂറുകൾക്കുള്ളിൽ വ്യാപകമായി പ്രചരിച്ചത്.
എന്നാൽ ചൊവ്വാഴ്ച രാത്രി ദുബായ് സൗത്തിലെ ഒരു വർക്ക്‌ഷോപ്പിൽ തീപിടിത്തം ഉണ്ടാകുകയും ഏതാനും ട്രക്കുകൾക്കും കാരവാനുകൾക്കും തീപിടിക്കുകയുമായിരുന്നെന്ന് ദുബായ് സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ പഴയ ദൃശ്യങ്ങളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുകയായിരുന്നു.
തുടർച്ചയായ സ്ഫോടനങ്ങൾ നടന്നു, തുറമുഖത്തോ ഗ്യാസ് പ്ലാന്‍റിലോ തീപിടിച്ചു, ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണമാണ് നടന്നത്, തീപിടിത്തം ചിത്രീകരിച്ചവരെ അറസ്റ്റ് ചെയ്തു എന്നിങ്ങനെയായിരുന്നു പ്രചാരണങ്ങൾ. ഉറവിടം വ്യക്തമല്ലാത്ത സോഷ്യൽ മീഡിയ പോസ്റ്റുകളെയും പേരു വെളിപ്പെടുത്താത്ത ആളുകളുടെ വാക്കുകളെയും അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഈ തീപിടിത്തത്തിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിൽ ഭീതി പടർത്തുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. ജൂലൈ 16ന് ദുബായ് ഡൗൺടൗണിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായി ഒരു വിദേശ വാർത്താ ഏജൻസി നൽകിയ വാർത്ത തെറ്റാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരുന്നു. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മുമ്പ് 2021ൽ ജബൽ അലി പോർട്ടിലുണ്ടായ തീപിടിത്തത്തിന്‍റെ പഴയ വീഡിയോകൾ പുതിയ സംഭവങ്ങളെന്ന രീതിയിൽ പ്രചരിപ്പിക്കാറുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, വിമാനത്താവളം അടച്ചു, വൻതോതിൽ ആളുകൾ നാടുവിടുന്നു തുടങ്ങിയ വ്യാജ വാർത്തകളും മുൻപ് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രചരിപ്പിച്ചിരുന്നു. ഇത്തരം അക്കൗണ്ടുകളിൽ ഭൂരിഭാഗവും യുഎഇക്ക് പുറത്തുനിന്നാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam