
വാഷിങ്ടൺ: ഇറാനിൽനിന്ന് എണ്ണ ഇറക്കുമതിചെയ്ത നാല് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം. ഇറാനെതിരായ സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായാണ് നടപടി. നാല് ഇന്ത്യൻ കമ്പനികൾക്ക് പുറമേ മൂന്ന് ഇന്ത്യൻ പൗരന്മാർക്കെതിരേയും യുഎസ് ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായി 119 മില്യൺ ഡോളറിന്റെ എണ്ണ വ്യാപാരത്തിലേർപ്പെട്ടതിനാണ് നാല് ഇന്ത്യൻ കമ്പനികൾക്കെതിരേ യുഎസ് ഉപരോധമേർപ്പെടുത്തിയിരിക്കുന്നത്. സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി എന്നിവയാണ് ഈ കമ്പനികൾ. ഇതിൽ സദാശിവ ഓവർസീസ് ലിമിറ്റഡ് 2024 ഫെബ്രുവരിക്കും 2025 ജൂണിനും ഇടയിലായി 69 മില്യൺ ഡോളറിന്റെ എണ്ണ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തെന്നാണ് യുഎസ് ട്രഷറിയുടെ കണ്ടെത്തൽ. പിപി സോഫ്റ്റ്ടെക്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് എന്നീ കമ്പനികൾ 25 മില്യൺ ഡോളറിന്റെ ഇറാനിയൻ എണ്ണയാണ് വാങ്ങിയത്. ഉപരോധമേർപ്പെടുത്തിയ നാലാമത്തെ കമ്പനിയായ പോർട്ടീസ് പാർട്ണേഴ്സ് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കസ്റ്റംസ് ബ്രോക്കിങ് കമ്പനിയാണ്. ഇറാനിൽനിന്നുള്ള എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിനൽകിയതിനാണ് ഇവർക്കെതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
പിപി സോഫ്റ്റ്ടെകിന്റെ ഡയറക്ടർ പ്രശാന്ത് ഘാർഗ്, പോർട്ടീസ് കമ്പനിയുടെ പാർട്ണർമാരായ അഷ്റഫിമിയ ഷേഖ്, ഹാരിഷ് രാമചന്ദ്രരംഗി എന്നിവർക്കെതിരേയും യുഎസിന്റെ ഉപരോധമുണ്ട്. ഇന്ത്യയിൽനിന്നുള്ള കമ്പനികൾക്ക് പുറമേ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്നുള്ള 20 കമ്പനികളും യുഎസിന്റെ പുതിയ ഉപരോധ പട്ടികയിലുണ്ട്.
വരുമാനമാർഗങ്ങൾ തടഞ്ഞ് ഇറാനെ സാമ്പത്തികമായി സമ്മർദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുഎസ് ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നവർക്കെതിരേ കർശന നടപടികളുമായി മൂന്നോട്ടുപോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam