പ്രതിഷേധക്കാരെ പിരിച്ചുവിടാൻ അധ്യാപികയുടെ ഭർത്താവായ സൈനിക ഉദ്യോ​ഗസ്ഥൻ എത്തിയത് നാടകീയരം​ഗങ്ങൾക്കിടയാക്കി. ഒടുവിൽ വിദ്യാർഥികൾ ഇയാളെ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവെച്ചാണ് സൈനിക ഉദ്യോ​ഗസ്ഥൻ രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാനിലും ജെൻസീ പ്രക്ഷോഭം. ഇസ്ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയത്. അതേസമയം, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ അധ്യാപികയുടെ ഭർത്താവായ സൈനിക ഉദ്യോ​ഗസ്ഥൻ എത്തിയത് നാടകീയരം​ഗങ്ങൾക്കിടയാക്കി. ഒടുവിൽ വിദ്യാർഥികൾ ഇയാളെ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവെച്ചാണ് സൈനിക ഉദ്യോ​ഗസ്ഥൻ രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സ്ഥിരമായി ക്ലാസുകൾ നടക്കാത്തതിലും ഫീസ് വർധനവിനെതിരേയുമാണ് സർഹാദ് സർവകലാശാല ക്യാമ്പസിൽ വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. സമരം ശക്തമായതോടെ അധ്യാപികയും സർവകലാശാല വിദ്യാർഥിക്ഷേമകാര്യ വകുപ്പിന്റെ മേധാവിയുമായ ഡോ. ഐന വിദ്യാർഥികളുമായി ചർച്ച നടത്തി. എന്നാൽ, ചർച്ച വിജയിച്ചില്ല. സമരക്കാരും അധ്യാപികയും തമ്മിൽ രൂക്ഷമായ തർക്കവുമുണ്ടായി. ഇതോടെയാണ് ഡോ. ഐന സൈന്യത്തിൽ ലെഫ്. കേണലായ തന്റെ ഭർത്താവ് അസ്ഫാന്ദർ വാലിയെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയത്.

ചട്ടങ്ങളെല്ലാം മറികടന്ന് തോക്കുമായാണ് ലെഫ്. കേണൽ ക്യാമ്പസിലെത്തിയത്. ആദ്യം വിദ്യാർഥികളെ തല്ലിയോടിക്കാനായിരുന്നു ഇയാളുടെ ശ്രമം. കൈയിൽ ഒരു വടിയുമായി ഇയാൾ വിദ്യാർഥികളെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതിനുപിന്നാലെ വിദ്യാർഥികൾ സൈനിക ഉദ്യോ​ഗസ്ഥനെ വളഞ്ഞു. വിദ്യാർഥികൾ കൈകാര്യംചെയ്യുമെന്ന സ്ഥിതി വന്നതോടെയാണ് ലെഫ്. കേണൽ തന്റെ കൈയിലുണ്ടായിരുന്ന പിസ്റ്റളിൽനിന്ന് ആകാശത്തേക്ക് വെടിയുതിർത്തത്. ഇതിനിടെ ഡോ. ഐന ഭർത്താവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പിൻവാങ്ങിയില്ല. വീണ്ടും ആകാശത്തേക്ക് വെടിയുതിർത്തു. ഇതോടെ പരിഭ്രാന്തരായ വിദ്യാർഥികൾ ചിതറിയോടുകയായിരുന്നു.

സംഭവം വിവാദമായതോടെ ലെഫ്. കേണലിനെതിരേ അന്വേഷണം ആരംഭിച്ചതായി പാക് സൈന്യം അറിയിച്ചു. അന്വേഷണം റിപ്പോർട്ട് ലഭിക്കുന്നതിന് പിന്നാലെ ഇയാൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സൈനിക ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കോളേജ് ക്യാമ്പസിൽ സൈനിക ഉദ്യോ​ഗസ്ഥൻ കയറി വെടിവെപ്പ് നടത്തിയത് പാകിസ്ഥാനിലെ യുവജനങ്ങൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.