
മസ്‌കറ്റ്: മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുവശത്തു നിന്നുമുള്ള വിദഗ്ധരും പങ്കെടുത്തു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊർജ്ജ കപ്പലുകളുടെ യാത്ര തടസ്സമില്ലാതെയും സുരക്ഷിതമായും ഉറപ്പാക്കാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധർ വിവിധ നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചതായാണ് വിവരം. ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ സാഹചര്യത്തിലാണ് ചർച്ച.
അതേസമയം ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുകയാണ്. ഇറാനിൽ നിന്ന് ഇതു വരെ എത്തിയത് ഒരു എൽപിജി ടാങ്കറാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തിലെ തടസ്സം കാരണം മൊത്തത്തിലുള്ള ഇറക്കുമതി 15% കുറഞ്ഞെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവില്‍ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചു. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam