Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും ബാധിക്കാം; മാസ്ക് ഉപയോ​ഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുന്നറിയിപ്പ്

ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ശതമാനത്തിനും നേരിയ ലക്ഷണം മാത്രമേ പ്രകടമാകൂ എന്ന് പഠനം പറയുന്നു. മരണനിരക്കും കുറവെന്നാണ് എയിംസ് നടത്തിയ പഠനത്തിൽ പറയുന്നത്. 
 

those who had omicron may be affected again
Author
Delhi, First Published Jan 22, 2022, 8:29 AM IST

ദില്ലി: ഒമിക്രോൺ (Omicron ) വന്നുപോയവർക്ക് വീണ്ടും ബാധിക്കുന്നു എന്ന് മുന്നറിയിപ്പ്. ഇതിനാൽ മാസ്ക് ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ടാസ്ക്ഫോഴ്സിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ശതമാനത്തിനും നേരിയ ലക്ഷണം മാത്രമേ പ്രകടമാകൂ എന്ന് പഠനം പറയുന്നു. മരണനിരക്കും കുറവെന്നാണ് എയിംസ് നടത്തിയ പഠനത്തിൽ പറയുന്നത്. 

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിനടുത്തെത്തിയെന്നായിരുന്നു ഇന്നലെ വൈകിട്ട് പുറത്തു വന്ന വിവരം. വിമാനത്താവളത്തില്‍ പോസറ്റീവ് ആയാലും ലക്ഷണമില്ലാത്തവർ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.  ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യു തുടരണമെന്ന് ലെഫ്റ്റനന്‍റ് ജനറല്‍ അനില്‍ ബൈജാല്‍ സർക്കാരിനോട് ആവശ്യപ്പെട്ടു

24 മണിക്കൂറിനിടെ 3,47,254 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വ്യാഴാഴ്ചത്തെ അപേക്ഷിച്ച് 9 ശതമാനം വ്ര‍ധനയായിരുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമാണ്. ഇരുപത് ലക്ഷം പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 29 സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത ഒമിക്രോണ്‍ ഇതുവരെ 9692 പേരില്‍ സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഇത് രാജ്യത്തെ വാക്സിനേഷന്‍ വിതരണത്തിന്‍റെ ഗുണഫലമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 160 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ ഇതുവരെ ഇന്ത്യക്കായിട്ടുണ്ട്. 

ഇതിനിടെ വിദേശ വിമാനയാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്ര സർക്കാര്‍ ഇളവ് ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍  കൊവിഡ് പോസ്റ്റീവ് ആയാലും ലക്ഷണമില്ലാത്തവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദേശം. നിരീക്ഷണം ഒരാഴ്ച പൂര്‍ത്തിയാക്കിയാല്‍ പരിശോധന നടത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ വാരാന്ത്യ കര്‍ഫ്യൂ നീക്കണമെന്ന് ദില്ലി സർക്കാർ ലൈഫ്റ്റനന്‍റ് ഗവർണർക്ക് ശുപാര്‍ശ നല്‍കിയെങ്കിലും അംഗീകരിച്ചില്ല. സാഹചര്യം കുറേ കൂടി ഭേദപ്പെട്ടാല്‍ മാത്രമേ നിയന്ത്രണം നീക്കാവൂ എന്ന ലെഫ്.ഗവർണര്‍ നിര്‍ദേശിച്ചു. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അന്‍പത് ശതമാനം ജോലിക്കാരുമായി പ്രവ‍ർത്തിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലെ തുറക്കാവൂ എന്ന ഉത്തരവ് മാറ്റേണ്ടതില്ലെന്നും അനില്‍ ബൈജാല്‍ സർക്കാരിനോട് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios