
ഇറാഖിൽ അഴിമതിക്കെതിരായ രാജ്യ വ്യാപക നടപടികളുടെ ഭാഗമായി 375 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. മുൻ ഡെപ്യൂട്ടി എണ്ണമന്ത്രിയായിരുന്ന അദ്നാൻ അൽ-ജുമൈലിയെ കേന്ദ്രീകരിച്ചുള്ള അഴിമതി അന്വേഷണത്തിനിടെയാണ് ഈ വമ്പൻ സ്വർണശേഖരം കണ്ടെത്തിയത്. രാജ്യത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ നടപടികളിലൊന്നായാണ് ഈ ഓപ്പറേഷനെ വിലയിരുത്തുന്നത്.
ഇറാഖിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ നേതൃത്വത്തിൽ, കുർദിസ്ഥാൻ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് 358 കിലോഗ്രാം സ്വർണം ആദ്യം കണ്ടെത്തിയത്. മറ്റൊരു അന്വേഷണത്തിൽ നിന്ന് ലഭിച്ച 17 കിലോഗ്രാം കൂടി ചേർന്നതോടെയാണ് ആകെ പിടിച്ചെടുത്ത സ്വർണത്തിന്‍റെ അളവ് 375 കിലോഗ്രാമായി. പിടിച്ചെടുത്ത സ്വർണം നിയമനടപടികളുടെ ഭാഗമായി രാജ്യത്തിന്‍റെ കേന്ദ്രബാങ്കിന് കൈമാറിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഒരു മഴവെള്ള ഡ്രെയിനേജ് കുഴിയിൽ ഒളിപ്പിച്ച നിലയിൽ 14 ബില്യൺ ഇറാഖി ദിനാർ (10.6 മില്യൺ ഡോളർ) അധികൃതർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അൽ-ജുമൈലിയിലേക്ക് അന്വേഷണം നീണ്ടതും വമ്പൻ സ്വർണ ശേഖരം കണ്ടെത്തിയതും. അൽ-ജുമൈലിയുടെ കേസിൽ മാത്രം കണ്ടെത്തിയ ആകെ തുക 127 ബില്യൺ ദിനാർ (922 കോടി രൂപ) കവിയുമെന്ന് ഇറാഖി സർക്കാർ വക്താവ് ഹൈദർ അൽ-അബൗദി അൽ ജസീറയോട് പറഞ്ഞു, കൂടാതെ 24 മില്യൺ ഡോളർ, റിയൽ എസ്റ്റേറ്റ്, വാഹനങ്ങൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയും കണ്ടെത്തി.
🔴 Iraq seizes 375kg of gold in corruption sweep targeting ex-oil official
Iraq's Supreme Judicial Council recovered 375kg of gold linked to former Deputy Minister of Oil for Refining Affairs Adnan Al Jumaili, arrested in May on corruption charges. Judge Dhia Jafar said 358kg… pic.twitter.com/adDoWYqX67— NewsTongue (@NewsTongueX) July 13, 2026
ജുമൈലിയെതിരെ പൊതുപണം തട്ടിയെടുക്കൽ, എണ്ണശുദ്ധീകരണ കരാറുകളിലെ ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ ഏജൻസികൾ ഉന്നയിച്ചിരിക്കുന്നത്. ജുമൈലിയുടെ അറസ്റ്റിന് പിന്നാലെ നിരവധി രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവിധ റെയ്ഡുകളിൽ നിന്നായി 100 ദശലക്ഷം ഡോളറിലധികം പണവും മറ്റ് വിലപിടിപ്പുള്ള സ്വത്തുക്കളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഇതിനൊപ്പം, മൊസുൾ നഗരത്തിൽ ഒമ്പത് വാണിജ്യ കെട്ടിടങ്ങളും മൂന്ന് മാവ് നിർമാണ ഫാക്ടറികളും ഏഴ് ചരക്ക് ട്രക്കുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഇവയുടെ മൂല്യം ഏകദേശം 69 ബില്യൺ ഇറാഖി ദിനാർ, അതായത് 52 മില്യൺ ഡോളറിലേറെയാണെന്നാണ് കണക്കാക്കുന്നത്. പുതിയ പ്രധാനമന്ത്രി അലി അൽ-സൈദി അധികാരമേറ്റതിന് ശേഷം ആരംഭിച്ച അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. കാണാതായതോ ദുരുപയോഗം ചെയ്തതോ ആയ സർക്കാർ ഫണ്ടുകൾ കണ്ടെത്തുന്നതിനായി 'ഓപ്പറേഷൻ ഡൗൺ' എന്ന് വിളിക്കുന്ന വിശാലമായ സർക്കാർ പദ്ധതിയുടെ ഭാഗമാണ് അന്വേഷണങ്ങൾ. അഴിമതി വിരുദ്ധ പ്രചാരണത്തിൽ സംശയിക്കപ്പെടുന്നവരിൽ പാർലമെന്‍റ് അംഗങ്ങളും ഉൾപ്പെടുന്നു, അവരുടെ രാഷ്ട്രീയ അധികാരം നീക്കി പ്രോസിക്യൂഷൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam