ആനയുടെ ആക്രമണം ഭയന്ന് 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് താമസം മാറി. രാപ്തി നദി മുറിച്ച് കടന്ന് ജഗത്പൂർ എന്നയിടത്തേക്കാണ് കുടുംബം താമസം മാറിയത്.
കാഠ്മണ്ഡു: ഒറ്റയാനെ ഭയന്ന് വീട് മാറിയിട്ടും രക്ഷയില്ല. 14 വർഷത്തിന് ശേഷം മുൻപ് ആക്രമിച്ച വീട്ടുകാരെ തേടി വീണ്ടുമെത്തി കാട്ടാന. കാട്ടാനക്കലിയിൽ ജീവൻ നഷ്ടമായത് 2 പേരെ. ഇതോടെ ഒരേ ആനയുടെ ആക്രമണത്തിൽ ഈ വീട്ടിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. നേപ്പാളിലാണ് സംഭവം. 2012 ഡിസംബറിലാണ് ദുർബെ എന്ന ഒറ്റയാൻ ശനിചര ബോട്ടേയുടെ കുടുംബത്തെ ആക്രമിക്കാൻ ആരംഭിച്ചത്. ചിട്വാൻ ദേശീയ പാർക്കിന് സമീപത്തെ മഡിയ്ക്ക് സമീപത്തായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ശനിചര ബോട്ടേയുടെ മാതാപിതാക്കളെയാണ് ദുർബെ ആദ്യം കൊല്ലുന്നത്. ആനയുടെ ആക്രമണം ഭയന്ന് 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് താമസം മാറി. രാപ്തി നദി മുറിച്ച് കടന്ന് ജഗത്പൂർ എന്നയിടത്തേക്കാണ് കുടുംബം താമസം മാറിയത്.
വർഷങ്ങളോളം കാട്ടാന ശല്യമില്ലാതിരുന്ന മേഖലയിലേക്ക് ദിവസങ്ങൾക്ക് മുൻപാണ് ദുർബെ എത്തുന്നത്. ഇക്കുറി ശനിചര ബോട്ടേയുടെ പേരക്കുട്ടിയും മരുമകളുമാണ് കാട്ടാനക്കലിക്ക് ഇരയായത്. 25കാരിയായ അഷിക ബോട്ടേയും നാല് വയസ് പ്രായമുള്ള മകൻ ഭരത് ബോട്ടേയുമാണ് കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നത്. പ്രധാന നദി മുറിച്ച് കടന്ന് ഒറ്റയാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ശനിചര ബോട്ടേ പ്രതികരിക്കുന്നത്. ഇനി എവിടേയ്ക്കും ഓടാനില്ലെന്നും ശനിചര ബോട്ടേ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.
14 വർഷത്തിനിടെ ശനിചര ബോട്ടേയുടെ കുടുംബത്തിലെ നാല് പേരെയാണ് ഒരേ കാട്ടാന ആക്രമിച്ച് കൊല്ലുന്നത്. വർഷങ്ങളായി നേപ്പാളിൽ മനുഷ്യരെ ക്രൂരമായി ആക്രമിക്കുന്നതിലൂടെ കുപ്രസിദ്ധി നേടിയ ഒറ്റയാനാണ് ദുർബെ. 2010 ന് ശേഷം മാത്രം 25 ആളുകളെ ഈ ഒറ്റയാൻ കൊലപ്പെടുത്തിയിട്ടുണ്ട്. 2016ലാണ് ദുർബെയുടെ ശല്യം കുറയ്ക്കാനായി പിടികൂടി കോളർ ഇട്ടത്. ഈ കോളർ 2020ലും 2023ലും മാറ്റിയിരുന്നു. തുടർച്ചയായി നിരീക്ഷണത്തിലുള്ള ഒറ്റയാനാണ് ജനവാസമേഖലയിലേക്ക് പതിവായി എത്തുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


