ഇറാനെതിരെ അമേരിക്കയോടൊപ്പം സ്പെയിനുണ്ടെന്ന് വൈറ്റ് ഹൗസ്; ഇല്ലെന്ന് സ്പെയിൻ, തർക്കം മുറുകുന്നു

Published : Mar 05, 2026, 08:04 AM IST
Trump - Pedro Sanchez

Synopsis

ഇറാനെതിരായ സൈനിക നീക്കത്തിൽ സ്പെയിൻ അമേരിക്കയുമായി സഹകരിക്കുമെന്ന വൈറ്റ് ഹൗസിന്റെ വാദം തള്ളി സ്പെയിൻ. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. 

മാഡ്രിഡ്: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയുമായി സഹകരിക്കാൻ സ്പെയിൻ സമ്മതിച്ചെന്ന വൈറ്റ് ഹൗസിന്റെ വാദം തള്ളി സ്പെയിൻ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ ഭീഷണിയെ തുടർന്നാണിതെന്നായിരുന്നു വൈറ്റ് ഹൗസ് പറഞ്ഞത്. എന്നാൽ, ഈ വാദം സ്പെയിൻ തള്ളിക്കളഞ്ഞു.

ബുധനാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇറാനെതിരായ നീക്കങ്ങളോട് സ്പെയിൻ സഹകരിക്കാൻ സമ്മതിച്ചതായി അറിയിച്ചത്. 'സ്പെയിനിന്റെ കാര്യത്തിൽ, പ്രസിഡന്റിന്റെ സന്ദേശം അവർക്ക് വ്യക്തമായി കിട്ടിയെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ യുഎസ് സൈന്യവുമായി സഹകരിക്കാൻ സമ്മതിച്ചതായാണ് എനിക്ക് കിട്ടിയ വിവരം'. ലെവിറ്റ് പറഞ്ഞു.

യുഎസ് സൈന്യം സ്പെയിനിലെ സൈനിക ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും യൂറോപ്പിലെ എല്ലാ സഖ്യകക്ഷികളും സഹകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള ഭീഷണി യൂറോപ്യൻ രാജ്യങ്ങൾക്കും ഒരുപോലെയാണെന്നും ലെവിറ്റ് പറഞ്ഞു. എന്നാൽ, വൈറ്റ് ഹൗസിന്റെ ഈ വാദം സ്പെയിൻ പൂർണ്ണമായും തള്ളി. സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബാരെസ് ഒരു പ്രാദേശിക റേഡിയോ അഭിമുഖത്തിൽ ഇക്കാര്യം നിഷേധിച്ചു. ‘ഞങ്ങളുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല’. അൽബാരെസ് വ്യക്തമാക്കി.

ഈ തർക്കം വാഷിംഗ്ടണും മാഡ്രിഡും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഇറാൻ വിഷയത്തിൽ ട്രംപിന്റെ നിലപാടുകളെ ഏറ്റവും ശക്തമായി വിമർശിക്കുന്ന യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ട്രംപിന്റെ വ്യാപാര ഉപരോധ ഭീഷണിക്ക് ശേഷവും ഇറാനുമായുള്ള യുദ്ധത്തിൽ സ്പെയിനിനെ പങ്കാളിയാക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞിരുന്നു.

‘ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങി ലോകത്തിന് ദോഷകരമായ ഒന്നിലും ഞങ്ങൾ പങ്കാളികളാകില്ല. അത് ഞങ്ങളുടെ മൂല്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും വിരുദ്ധമാണ്’. സാഞ്ചസ് ബുധനാഴ്ച ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, സ്പെയിനുമായി സഹകരണം തുടരുന്നുണ്ടെന്നും ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെയെല്ലാം സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് ആവർത്തിച്ചു.

ഇതേ വാർത്താസമ്മേളനത്തിൽ, 'ഓപ്പറേഷൻ എപിക് ഫ്യൂറി'യിലൂടെ ഇറാനിലെ ‘ഭീകര ഭരണകൂടത്തെ’ പൂർണ്ണമായും തകർക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ടെഹ്‌റാന്റെ മിസൈൽ വ്യവസായം തകർക്കുക, നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുക എന്നിവയാണ് പ്രസിഡന്റ് ട്രംപ് നൽകിയിരിക്കുന്ന വ്യക്തമായ ലക്ഷ്യങ്ങളെന്നും അവർ വ്യക്തമാക്കി.

‘ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ തുടക്കത്തിൽ തന്നെ, ഈ സൈനിക നീക്കത്തിലൂടെ യുഎസ് സൈന്യം എന്താണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ട്രംപ് അമേരിക്കൻ ജനതയോട് വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിന്റെ മാരകമായ ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിക്കുക, അവരുടെ മിസൈൽ വ്യവസായം പൂർണ്ണമായും തകർക്കുക, ഇറാനിയൻ ഭരണകൂടത്തിന്റെ നാവികസേനയെ ഇല്ലാതാക്കുക എന്നിവയായിരുന്നു ആ ലക്ഷ്യങ്ങൾ’. ലെവിറ്റ് വിശദീകരിച്ചു.

ഇതുവരെ 20-ൽ അധികം ഇറാനിയൻ കപ്പലുകൾ നശിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി അവരുടെ ഏറ്റവും പ്രധാനപ്പെട്ട അന്തർവാഹിനിയും തകർത്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു ടോർപ്പിഡോ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. ‘അറേബ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഒരു ഇറാനിയൻ കപ്പൽ പോലും ഇപ്പോൾ യാത്ര ചെയ്യുന്നില്ല. ഈ മേഖലയെ അസ്ഥിരപ്പെടുത്താൻ ഭരണകൂടത്തിന്റെ ഭീകരസംഘടനകളെ ഇനി അനുവദിക്കില്ലെന്ന് ഓപ്പറേഷൻ എപിക് ഫ്യൂറി ഉറപ്പാക്കും’. അവർ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയും മറ്റ് പ്രമുഖരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് മിഡിൽ ഈസ്റ്റിൽ സംഘർഷം ആരംഭിച്ചത്. ആറാം ദിവസത്തിലേക്ക് കടന്ന ഈ സംഘർഷത്തിൽ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളും മേഖലയിലെ ഇസ്രായേലിന്റെ മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക - ഇസ്രയേൽ സഖ്യം; ലക്ഷ്യം മിസൈൽ ശേഷി ഇല്ലാതാക്കൽ, ഗൾഫ് മേഖലയിൽ ഇറാൻ ഡ്രോൺ ആക്രമണം തുടരുന്നു
ട്രംപ് ഇനി കൂടുതൽ കരുത്തൻ, നിർണായക വിജയം നേടി യുഎസ് പ്രസിഡന്‍റ്; ഇറാനെതിരെയുള്ള നീക്കത്തിന് സെനറ്റിന്‍റെ പിന്തുണ