
വാഷിംഗ്ടൺ: ഇറാനെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ, കോൺഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് രാഷ്ട്രീയമായ കരുത്ത് ലഭിച്ചു.
100 അംഗ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 52-നെതിരെ 47 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിന്‍റെ യുദ്ധനയത്തിന് അനുകൂലമായ നിലപാടാണ് ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്. യുദ്ധാധികാര പ്രമേയം വഴി പ്രസിഡന്‍റിന്‍റെ സൈനിക നീക്കങ്ങളെ നിയന്ത്രിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.
മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാണെന്നും സൈനിക നടപടി അനിവാര്യമാണെന്നുമുള്ള ട്രംപിന്‍റെ വാദത്തെ സെനറ്റ് ശരിവെക്കുകയായിരുന്നു. സൈനിക നടപടികൾ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ ലഭിച്ച ഈ പിന്തുണ ട്രംപ് ഭരണകൂടത്തിന് വലിയ ആശ്വാസമാണ്. ആയുധശേഖരത്തെക്കുറിച്ചും സൈനിക വിന്യാസത്തെക്കുറിച്ചും രാജ്യത്തിനകത്ത് ചർച്ചകൾ സജീവമാണെങ്കിലും, നിയമനിർമ്മാണ സഭയുടെ പിന്തുണയോടെ ആക്രമണം കൂടുതൽ ശക്തമാക്കാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം.
അതേസമയം, ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായത്. യുദ്ധമുന്നണിയിൽ കാര്യങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും പത്തിൽ എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് താൻ പതിനഞ്ച് മാർക്ക് നൽകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam