അവയവങ്ങൾ കറുത്തു, പ്രധാന അവയവങ്ങൾ തിരിച്ചറിയാൻ പോലും പറ്റുന്നില്ല; നടിയുടെ മരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published : Jul 12, 2025, 11:47 AM IST
humaira

Synopsis

പാകിസ്ഥാനി നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം ഒൻപത് മാസങ്ങൾക്ക് ശേഷം അഴുകിയ നിലയിൽ കണ്ടെത്തി. മരണകാരണം ഇതുവരെ വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുന്നു.

കറാച്ചി: പാകിസ്ഥാനി നടി ഹുമൈറ അസ്ഗർ അലിയുടെ ദുരൂഹ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്ത്. ഹുമൈറയുടെ മൃതദേഹം അഴുകിയ അവസ്ഥയിൽ ആയിരുന്നുവെന്നും, പ്രധാന അവയവങ്ങൾ തിരിച്ചറിയാൻ കഴിയാത്ത പിണ്ഡമായി മാറിയെന്നും മുഖം പൂർണ്ണമായും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഫോറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു. ശരീരത്തിന്‍റെ ചില ഭാഗങ്ങളിൽ പേശികൾ പൂർണ്ണമായും ഇല്ലാതായിരുന്നു.

എല്ലുകൾ സ്പർശിക്കുമ്പോൾത്തന്നെ പൊടിഞ്ഞുപോയിരുന്നു. തലച്ചോറിന്‍റെ ഭാഗം പൂർണ്ണമായും അഴുകിപ്പോയിരുന്നു. ആന്തരിക അവയവങ്ങൾ കറുത്ത പിണ്ഡമായി മാറിയിരുന്നു. എല്ലുകളിൽ പക്ഷേ ഒടിവുകളൊന്നും കണ്ടെത്തിയില്ലെന്നും എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങളിലെ പ്രാണികളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. ഈ വിവരങ്ങൾ അവർ എത്രകാലം ഉപദ്രവിക്കപ്പെടാതെ കിടന്നു എന്നത് നിർണ്ണയിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

മൃതദേഹം അഴുകിയ അവസ്ഥയിലായതിനാൽ, മരണത്തിന്‍റെ കൃത്യമായ കാരണം ഈ ഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡിഎൻഎ പ്രൊഫൈലിംഗും ടോക്സിക്കോളജി പരിശോധനകളും നടന്നുകൊണ്ടിരിക്കുകയാണെന്നും അവ കൂടുതൽ വ്യക്തത നൽകുമെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹുമൈറ മരിച്ചിട്ട് ഏകദേശം ഒൻപത് മാസത്തോളം ആയെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഫോറൻസിക് വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ഉപയോഗിച്ച് സംഭവങ്ങളുടെ ഒരു സമയരേഖ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.

32 കാരിയായ ഹുമൈറ 2024 ഒക്ടോബറിൽ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ അത്യാധുനിക ഇത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ അപ്പാർട്ട്‌മെന്‍റിൽ നിന്നാണ് ഒൻപത് മാസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിപ്പിക്കാൻ കോടതി അസിസ്റ്റന്‍റ് എത്തിയപ്പോഴാണ് ഹുമൈറയുടെ മൃതദേഹം കണ്ടെത്തിയത്.

2024 ഒക്ടോബറിന് ശേഷം ഡിജിറ്റൽ രേഖകളില്ല

പ്രാരംഭ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഹുമൈറയുടെ മരണം ഒരു മാസം മുമ്പാണെന്ന് സൂചിപ്പിച്ചെങ്കിലും, അവരുടെ ഡിജിറ്റൽ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. കോൾ ഡീറ്റെയിൽ റെക്കോർഡ് അനുസരിച്ച്, അവസാനത്തെ കോൾ ചെയ്തത് 2024 ഒക്ടോബറിലാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയ്യിദ് അസദ് റാസ അറബ് ന്യൂസിനോട് സ്ഥിരീകരിച്ചു.

ആ കാലയളവിന് ശേഷം ഹുമൈറ ജീവനോടെ ഉണ്ടായിരുന്നു എന്നതിന്‍റെ ഒരു സൂചനയുമില്ല. അവരുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് 2024 സെപ്റ്റംബർ 11നും, അവസാനത്തെ ഇൻസ്റ്റാഗ്രാം അപ്‌ഡേറ്റ് സെപ്റ്റംബർ 30നുമായിരുന്നു. അയൽവാസികളുമായി സംസാരിച്ചപ്പോൾ, കഴിഞ്ഞ വർഷം സെപ്റ്റംബറോ ഒക്ടോബറോ മുതൽ ആരും അവരെ കണ്ടിട്ടില്ലെന്നുള്ള വിവരവും ലഭിച്ചു.

കറാച്ചി ഫ്ലാറ്റിൽ പൊലീസ് കണ്ടെത്തിയത്

അപ്പാർട്ട്‌മെന്‍റ് പരിശോധിച്ച ഉദ്യോഗസ്ഥർ കാലാവധി കഴിഞ്ഞ ഭക്ഷണ പാത്രങ്ങൾ, തുരുമ്പിച്ച ഭരണികൾ തുടങ്ങിയവ കണ്ടെത്തി. ഇത് ഒക്ടോബറിലെ മരണ സാധ്യതയെ ശരിവെക്കുന്ന തെളിവുകളാണ്. ഹുമൈറയുടെ മൃതദേഹത്തിന് ഏകദേശം ഒൻപത് മാസത്തോളം പഴക്കമുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവർ അവസാനത്തെ യൂട്ടിലിറ്റി ബില്ലുകൾ അടച്ചതിനും 2024 ഒക്ടോബറിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനും ഇടയിലായിരിക്കാം മരിച്ചതെന്നുള്ള സംശയം. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ആത്മഹത്യ, അപകടം, കൊലപാതകം എന്നിങ്ങനെയുള്ള സാധ്യതകളൊന്നും തള്ളിക്കളഞ്ഞിട്ടില്ല. ഫോറൻസിക് നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം ഏറ്റെടുക്കാൻ ആളില്ല

കഴിഞ്ഞ രണ്ട് വർഷമായി ഹുമൈറയുമായി എല്ലാ ബന്ധങ്ങളും അവരുടെ കുടുംബാംഗങ്ങൾ അവസാനിപ്പിച്ചിരുന്നു. അതുകൊണ്ട് മൃതദേഹം ഏറ്റെടുക്കാനോ സംസ്കരിക്കാനോ അവര്‍ മുന്നോട്ട് വന്നില്ല. ഹുമൈറയുടെ മരണത്തിന് സമാനമായ ഒരു കേസ് ഏതാനും ആഴ്ചകൾക്ക് മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു. 84 വയസ്സുള്ള നടി ആയിഷ ഖാനെയും കറാച്ചിയിലെ അപ്പാർട്ട്‌മെന്‍റിൽ മരിച്ച് ദിവസങ്ങൾക്കുശേഷം കണ്ടെത്തിയിരുന്നു. അവരും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഹുമൈറ നിരവധി ടെലിവിഷൻ ഷോകളിലും രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം