
നൈജീരിയയില്‍ ബോക്കോ ഹറം ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ 360 പേരെ മോചിപ്പിച്ചു. നൈജീരിയയിലെ മന്ദാര മലനിരകളിലെ ഒരു ഉള്‍ഗ്രാമത്തിലെ ഒളിത്താവളത്തില്‍നിന്നാണ് മൂന്ന് മാസങ്ങള്‍ക്കു ശേഷം ഇവരെ മോചിപ്പിച്ചത്. ഇവര്‍ക്ക് കാവല്‍ നിന്ന അനേകം ഭീകരന്‍മാര്‍ പിടിയിലായതായി സൈന്യം അവകാശപ്പെട്ടു.
ബോര്‍ണോ സംസ്ഥാനത്തെ ഭൂരിപക്ഷ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് തടവിലാക്കപ്പെട്ടത്. മോചിപ്പിക്കപ്പെട്ട തടവുകാര്‍ രാത്രിയില്‍ മരങ്ങള്‍ക്കിടയില്‍ ഇരിക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സൈന്യം പുറത്തുവിട്ടു. തടവിലാക്കപ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. തടവിലാക്കപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ ഇതിനിടെ രോഗബാധിതരായി മരിച്ചതായി സൈനിക വക്താവ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ്, കാമറൂണ്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തുനിന്ന് ഭൂരിപക്ഷ മുസ്ലിം സമുദായത്തില്‍പ്പെട്ട നൂറുകണക്കിനാളുകളെ ഭീകരന്‍മാര്‍ തട്ടിക്കൊണ്ടുപോയത്. നോമ്പ് തുറക്കുന്ന സമയത്താണ് ബോക്കോ ഹറം ഭീകരന്‍മാര്‍ ഈ പ്രദേശത്ത് ആക്രമണം നടത്തിയത്. ഇതിനുശേഷം ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഭീകരന്‍മാരെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഇവരുടെ മോചനം.
ഇവര്‍ എങ്ങനെയാണ് മോചിപ്പിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് രണ്ട് വിവരങ്ങളാണ് പുറത്തുവന്നത്. ആഴ്ചകളായി ആസൂത്രണം ചെയ്ത സൈനിക നടപടിയിലാണ് ഭീകരന്‍മാരുടെ പിടിയില്‍നിന്ന് തടവുകാതെ മോചിപ്പിച്ചത് എന്നാണ് സര്‍ക്കാറും സൈന്യവും അവകാശപ്പെടുന്നത്. എന്നാല്‍, തങ്ങള്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് ഇവര്‍ മോചിപ്പിക്കപ്പെട്ടത് എന്നാണ് ബോര്‍ണോ സൗത്ത് യൂത്ത് ഇനിഷ്യേറ്റീവ് എന്ന പ്രദേശിക ഗ്രൂപ്പ് പറയുന്നത്. മോചിപ്പിക്കപ്പെട്ടവരുടെ എണ്ണം 416 ആണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. തങ്ങള്‍ ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരില്‍ സൈന്യം ഇതിന്റെ ക്രെഡിറ്റ് എടുക്കുകയാണെന്നും ഈ പ്രാദേശിക ഗ്രൂപ്പ് അവകാശപ്പെടുന്നു.
മോചനദ്രവ്യത്തിന് വേണ്ടി സായുധ സംഘങ്ങള്‍ കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ നടത്തുന്ന സംഭവം അടുത്ത കാലത്തായി നൈജീരിയയില്‍ സാധാരണമായിരിക്കുകയാണ്. മോചനദ്രവ്യം നല്‍കുന്നത് നിയമവിരുദ്ധമാണെങ്കിലും അത് സംഭവിക്കാറുണ്ട്. 2014-ല്‍ ചിബോക് ഗ്രാമത്തില്‍ നിന്ന് 200-ലധികം സ്‌കൂള്‍ കുട്ടികളെ ബോക്കോ ഹറം തട്ടിക്കൊണ്ടുപോയിരുന്നു. അവരില്‍ 90 പേരെക്കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോവുന്നവരെ ലൈംഗിക അടിമകളാക്കുകയോ വീട്ടുവേലയ്ക്ക് വിടുകയോ ചാവേര്‍ ബോംബറുകളായി ഉപയോഗിക്കുകയോ ആണ് ആദ്യ കാലങ്ങളില്‍ ചെയ്തിരുന്നത്. ഇപ്പോള്‍ മോചനദ്രവ്യത്തിനായാണ് ഇത്തരം തട്ടിക്കൊണ്ടുപോവലുകള്‍ കാര്യമായി നടക്കുന്നത്. ആളുകള്‍ മോചനദ്രവ്യം നല്‍കുന്നതിനാല്‍, ഇത്തരം സായുധ ഗ്രൂപ്പുകള്‍ ഇതൊരു അവസരമായി കാണുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
2005-ലാണ് വടക്കന്‍ നൈജീരിയയില്‍ ബോക്കോഹറം ഭീകരന്‍മാര്‍ ആക്രമണങ്ങള്‍ ആരംഭിക്കുന്നത്. ഇസ്ലാമിക ഭരണം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് ഇവര്‍ പറയുന്നത്. നിരവധി പ്രദേശങ്ങളാണ് ഇവര്‍ പിടിയിലാക്കിയത്. എന്നാല്‍, പിന്നീട് സൈന്യം പല പ്രദേശങ്ങളും പിടിച്ചെടുത്തു. ഗ്രൂപ്പ് പിളര്‍ന്ന് പല സായുധ വിഭാഗങ്ങളായി മാറി. ഇത്തരം ഗ്രൂപ്പുകളെല്ലാം ഇപ്പോള്‍ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം തട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam