ഖത്തറും തുര്‍ക്കിയും ഇടപെട്ടു, ദോഹയിലെ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും

Published : Oct 19, 2025, 02:12 PM IST
Pakistan

Synopsis

ദോഹയിലെ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. വെടിനിർത്തലിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി വരും ദിവസങ്ങളിൽ തുടർ യോഗങ്ങൾ നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ദോഹ: അതിർത്തിയിൽ ദിവസങ്ങളോളം നീണ്ടുനിന്ന രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് ശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു. ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. വെടിനിർത്തലിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി വരും ദിവസങ്ങളിൽ തുടർ യോഗങ്ങൾ നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും മേഖലയിൽ സുസ്ഥിരമായ സമാധാനത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിനും വെടിനിർത്തൽ സഹായിക്കുമെന്ന് ഖത്തർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

2021-ൽ കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തികളിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടമായി. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും അൽ-ഖ്വയ്ദയും ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ വീണ്ടും ഉയർന്നുവരാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ സംഘർഷം ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ശക്തികൾ ആവശ്യപ്പെട്ടിരുന്നു.

ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇരു സർക്കാരുകളും തങ്ങളുടെ പ്രതിരോധ മന്ത്രിമാരെ ദോഹയിലേക്ക് അയച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനെതിരായ അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുന്നതിനും അതിർത്തിയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള അടിയന്തര നടപടികളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് നേരത്തെ പറഞ്ഞിരുന്നു. പാകിസ്ഥാനെ ആക്രമിക്കാൻ തീവ്രവാദികൾക്ക് അഭയം നൽകിയിട്ടില്ലെന്നും പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികൾക്ക് അഭയം നൽകുകയും രാജ്യത്തിന്റെ സ്ഥിരതയും പരമാധികാരവും തകർക്കാൻ ശ്രമിക്കുകയാണെന്നും താലിബാൻ ആരോപിച്ചു. ഇരു രാജ്യങ്ങളും ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന 2,611 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. എന്നാൽ ഈ അതിർത്തി രേഖ അഫ്ഗാനിസ്ഥാൻ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പേറും, ഒന്ന് പാളിയാൽ മരണം! ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾ
'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ