കടലിനു മുകളിലൂടെയും കുത്തനെയുള്ള മലനിരകൾ താണ്ടിയുമെല്ലാം സഞ്ചരിക്കുന്ന ചില ട്രെയിനുകളുണ്ട്. ഇവ ഒരേസമയം മനോഹരവും ഭയാനകവുമാണ്. ഇന്ത്യയിലെ പാമ്പൻ പാലം ഒരു ഉദാഹരണമാണ്.
നെഞ്ചിടിപ്പേറും, മരണം തൊട്ടുതൊട്ടില്ലെന്ന് തോന്നും! ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾ
ദീർഘദൂരയാത്രകൾക്ക് ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് നമ്മളിലേറെപ്പേരും. താരതമ്യേന സുരക്ഷിതമാണ് എന്നാണ് ട്രെയിൻ യാത്രകളുടെ പ്രധാന പ്രത്യേകത. എന്നാൽ എല്ലാ ട്രെയിൻ റൂട്ടുകളും സുരക്ഷിതമാണോ? അല്ലെന്നാണ് ചില റെയിൽപ്പാതകൾ നമ്മളോട് പറയുന്നത്. ഏതൊക്കെയാണ് ലോകത്തെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾ എന്ന് നോക്കാം.

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രത്യേക റെയിൽറൂട്ടാണ് ഇതിൽ ഏറ്റവും അപകടമേറിയത്. കേപ് ടൗൺ റെയിൽവേ ലൈനാണ് ഇത്. റെയിൽപ്പാതയുടെ സ്വഭാവമല്ല, മറിച്ച് നിരന്തരം അരങ്ങേറുന്ന മോഷണവും പിടിച്ചുപറിയും ആക്രമണങ്ങളുമാണ് ഈ റെയിൽപ്പാതയെ അപകടകാരിയാക്കുന്നത്. പതിവായി സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ പല ദിവസങ്ങളിലും കേപ് ടൗൺ ലൈനിലെ സർവ്വീസുകൾ റദ്ദാക്കാറുണ്ട്. 2019ൽ ഈ റെയിൽ റൂട്ട് പൂർണമായും അടച്ചിട്ടിരുന്നു. 2025ൽ പാത ഭാഗികമായി തുറന്നെങ്കിലും അക്രമി സംഘങ്ങളുടെ ഭീഷണി ഇപ്പോഴുമുണ്ട്.

ചെന്നൈ രാമേശ്വരം റെയിൽപ്പാതയാണ് അടുത്തത്. രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ കടലിനു കുറുകെ നീളുന്ന ചെന്നൈ–രാമേശ്വരം റെയിൽ പാത ഒരേ സമയം അതിമനോഹരവും പേടിപ്പെടുത്തുന്നതുമാണ്. 1914-ൽ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ഈ കടൽപാലത്തിലൂടെയുള്ള യാത്രയിൽ, മിനിറ്റുകളോളം കര കാണാൻ കഴിയില്ല. ചുറ്റും അനന്തമായ കടൽ മാത്രം. കാഴ്ചയ്ക്ക് എത്രത്തോളം മനോഹരമാണോ അത്രത്തോളം തന്നെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്ന ഒന്നാണ് ഈ യാത്ര. 1964 ഡിസംബറിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ അപടത്തിൽപ്പെടുകയും 150ഓളം യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പഴയ പാലത്തിന് പകരമായാണ് വെർട്ടിക്കൽ ലിഫ്റ്റുള്ള പുതിയ പാമ്പൻ പാലമെത്തിയത്.

ഇന്തോനേഷ്യയിലെ അർഗോ ഗെഡെ റെയിൽപ്പാതയാണ് മറ്റൊന്ന്. ജക്കാർത്തയെയും ബാൻഡംഗിനെയും ബന്ധിപ്പിക്കുന്ന ഈ റെയിൽ പാത അതിമനോഹരമായ കാഴ്ചകളോടു കൂടിയതാണ്. അതേസമയം പേടിപ്പെടുത്തുന്ന പല പാലങ്ങളുമുണ്ട് ഈ യാത്രക്കിടെ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചികുബാങ് പാലം. 1906-ൽ നിർമ്മിച്ച ഈ പാലത്തിന് ഏകദേശം 80 മീറ്റർ ഉയരമുണ്ട്. ഇൻഡോനേഷ്യയിലെ തന്നെ ഏറ്റവും സജീവമായ റെയിൽ പാലങ്ങളിൽ ഒന്നാണിത്. ഈ പാലത്തിന്റെ വശങ്ങളിൽ കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ല. ട്രെയിൻ ഈ പാലത്തിലൂടെ കടന്നുപോകുമ്പോൾ താഴേക്ക് നോക്കിയാൽ ആഴമേറിയ താഴ്വരയാണ് കാണാനാവുക.

ട്രെയിൻ വായുവിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണിവിടെ. പാലത്തിന് മുകളിലൂടെയുള്ള യാത്രയിൽ ട്രെയിൻ ചക്രങ്ങൾ ട്രാക്കിൽ ഉരസുന്ന ശബ്ദവും സംരക്ഷണ മതിലുകൾ ഇല്ലാത്തതും യാത്രക്കാരിൽ പരിഭ്രാന്തിയുണ്ടാക്കാറുണ്ട്. 2023-ൽ ജക്കാർത്തയെയും ബാൻഡംഗിനെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ട്രെയിൻ പാത ഉദ്ഘാടനം ചെയ്തു. ഇത് പഴയ പാതയിലെ അപകടസാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുന്നുണ്ടെങ്കിലും, വിനോദസഞ്ചാരികൾ സാഹസികതയ്ക്കായി ഇപ്പോഴും പഴയ പാലം ഉൾപ്പെടുന്ന റൂട്ട് തിരഞ്ഞെടുക്കാറുണ്ട്.
മഞ്ഞുമലകൾക്ക് ഇടയിലൂടെ സാഹസിക യാത്രാനുഭവം നൽകുന്ന വൈറ്റ് പാസ് ആന്റ് യൂക്കോൺ റൂട്ടാണ് മറ്റൊന്ന്. അലാസ്കയെ കാനഡയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽപ്പാതയും സാഹസികതയും അതോടൊപ്പം ദൃശ്യഭംഗിയും നിറഞ്ഞതാണ്. കുത്തനെയുള്ള ഭൂപ്രദേശങ്ങളിലൂടെ ഏകദേശം 3,000 അടി ഉയരത്തിലൂടെണ് ട്രെയിൻ പോകുന്നത്. ലോകത്തിലെ ഡെയിഞ്ചറസ് റൂട്ടുകളിൽ ഏറ്റവും പ്രശസ്തമായതുകൂടിയാണ് ഇത്. വർഷത്തിൽ പകുതിയിലധികം സമയവും മഞ്ഞുമൂടിക്കിടക്കുന്ന ഈ പാതയിൽ ഹിമപാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 1898-ലെ ക്ലോണ്ടൈക്ക് ഗോൾഡ് റഷ് കാലത്താണ് ഈ ഇടുങ്ങിയ റെയിൽപ്പാത നിർമ്മിച്ചത്.

ഡെവിൾസ് നോസ് റെയിൽവേപ്പാതയാണ് അപകടമേറിയ വേറൊരു റെയിൽ റൂട്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 9,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇക്വഡോറിലെ ഈ റെയിൽവേപ്പാത ഒരു എൻജിനീയറിങ് വിസ്മയം കൂടിയാണ്. 1872-ൽ ആരംഭിച്ച് 33 വർഷങ്ങളെടുത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. കുത്തനെയുള്ള വമ്പൻ മലനിരകളെ ചുറ്റി നിർമ്മിച്ച ഈ പാത, തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എൻജിനീയറിങ് നേട്ടങ്ങളിൽ ഒന്നായും ലോകത്തിലെ ഏറ്റവും സാഹസികമായ ട്രെയിൻ റൂട്ടുകളിൽ ഒന്നായുമാണ് അറിയപ്പെടുന്നത്.

കുത്തനെയുള്ള മലഞ്ചെരിവിലൂടെ ട്രെയിൻ മുകളിലേക്ക് കയറാൻ സാധാരണ ട്രാക്കുകൾ കൊണ്ട് കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി ട്രെയിൻ അല്പം മുന്നോട്ട് പോയ ശേഷം പിന്നിലേക്ക് സഞ്ചരിക്കുകയും, വീണ്ടും മുന്നോട്ട് പോകുകയും ചെയ്യുന്ന 'സിഗ്-സാഗ്' രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ലോകത്തിൽ തന്നെ അപൂർവ്വമാണ് ഈ സിഗ് സാഗ് രീതി. നിരവധി തൊഴിലാളികളുടെ ജീവൻ നഷ്ടമായതടക്കം വെല്ലുവിളി നിറഞ്ഞ നിർമ്മാണ കാലം കൂടിയായിരുന്നു ഇതിന്റേത്. പർവ്വതത്തിന്റെ ആകൃതി പ്രേതത്തിന്റെ മൂക്ക് പോലെ ഇരിക്കുന്നത് കൊണ്ടാണ് ഇതിന് 'ഡെവിൾസ് നോസ്' എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.


