14കാരിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചു; ആര്‍ത്തവം തുടങ്ങിയതിനാല്‍ നിയമപരമെന്ന് പാക് കോടതി

By Web TeamFirst Published Feb 8, 2020, 4:47 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്ന യുവാവ് തട്ടിക്കൊണ്ട് പോയി ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തുകയും നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ചെയ്തത്. 

കറാച്ചി: 14 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്രമായ വിധിപ്രസ്താവവുമായി പാകിസ്ഥാന്‍ കോടതി. തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആര്‍ത്തവ ചക്രം പൂര്‍ത്തിയാക്കിയിരുന്നതായും അതുകൊണ്ട് തന്നെ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നും കോടതി ഉത്തരവിട്ടു. സിന്ധ് കോടതിയാണ് വിവാഹം സാധുവാണെന്ന് ഉത്തരവിട്ടത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്ന യുവാവ് തട്ടിക്കൊണ്ട് പോയി ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തുകയും നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്. സിന്ധ് കോടതിയുടെ വിധിക്കെതിരെയ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ തബാസും യൂസഫ് പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടു. അതേസമയം, പ്രായം കുറവാണെങ്കിലും പെണ്‍കുട്ടിക്ക് ആര്‍ത്തവമുണ്ടെങ്കില്‍ വിവാഹം സാധുവാകുമെന്നും കോടതി വ്യക്തമാക്കി. 

സിന്ധ് പ്രവിശ്യയിലെ ശൈശ വിവാഹം നിരോധന നിയമപ്രകാരമല്ല കോടതി വിധിയെന്ന് അഭിഭാഷകന്‍ ആരോപിച്ചു. 2014ല്‍ പ്രവിശ്യയില്‍ 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം തടയുന്നതിനായി നിയമം പാസാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അബ്ദുല്‍ ജബ്ബാറിനും അയാളുടെ കുടുംബത്തിനും ഒത്താശ ചെയ്തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

പ്രായം സംബന്ധിച്ച പെണ്‍കുട്ടിയുടെ പരിശോധനാഫലം അനുകൂലമായാലും അവളെ ഭര്‍ത്താവിനൊപ്പം വിടാന്‍ പൊലീസ് കൂട്ടുനില്‍ക്കുമെന്നും ഇവര്‍ ആരോപിച്ചു. പരിശോധന ഫലം വരുന്നത് വരെ പെൺകുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ മാതാപിതാക്കള്‍ അനുമതി തേടി. പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ തേടി. 

click me!